വടകര: അഴിയൂർ-വെങ്ങളം ദേശീയപാതാനവീകരണക്കരാർ ഒപ്പുവെച്ചശേഷം പുതുതായി അനുവദിച്ചത് കോടികളുടെ പ്രവൃത്തികൾ. വിവിധഘട്ടങ്ങളിലായി 400 കോടിയോളം രൂപയുടെ പ്രവൃത്തി വരുമെന്നാണ് ഏകദേശകണക്ക്. 1838 കോടി രൂപയ്ക്കാണ് 2021 മാർച്ച് 31-ന് അദാനി എന്റർപ്രൈസസ് പ്രവൃത്തി കരാറെടുത്തത്. നിലവിൽ പ്രവൃത്തിയുടെ മൂല്യം 2200 കോടി രൂപ കടന്നു. നിശ്ചിതസമയത്ത് പ്രവൃത്തി പൂർത്തിയാക്കുന്നതിന് ഇതു തടസ്സമായി. ഇനിയും ചില പ്രവൃത്തികൾകൂടി അനുവദിക്കാൻ സാധ്യതയുണ്ട്.
പാതനവീകരണം ആസൂത്രണം ചെയ്യുമ്പോഴുള്ള പിഴവാണ് ഇതിലേക്ക് നയിച്ചതെന്ന ആക്ഷേപം ശക്തമാണ്. അടിപ്പാതകളും പാലങ്ങളും സർവീസ്‌റോഡും അനിവാര്യമായ സ്ഥലത്തുപോലും അത് അനുവദിക്കാതിരുന്നത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസ്സിലാക്കാതെയും പ്രാദേശികമായ അഭിപ്രായം തേടാതെയും ഡി.പി.ആർ. തയ്യാറാക്കിയതിന്റെ ഫലമാണ്. പ്രവൃത്തി തുടങ്ങി കുറെ കഴിഞ്ഞപ്പോഴാണ് പലയിടങ്ങളിലും അടിപ്പാതയ്ക്കും ഉയരപ്പാതയ്ക്കും മറ്റും ആവശ്യം ഉയർന്നത്. ജനകീയപ്രതിഷേധം ഉയർന്നപ്പോൾ ഇത് അനുവദിക്കേണ്ടിവന്നു. ഇതോടെ പ്രവൃത്തിയുടെ വ്യാപ്തി കൂടി.
പതിനഞ്ചോളം അടിപ്പാതകളാണ് കരാറിനുശേഷം അനുവദിച്ചത്. വടകര പഴങ്കാവ് ജങ്ഷനിൽ ഓവർപാസിനായും കേളുബസാറിൽ അടിപ്പാതയ്ക്കായും ഇപ്പോഴും സമരം തുടരുന്നുണ്ട്. വടകര ബൈപ്പാസിൽ 561 മീറ്ററിൽ ഉയരപ്പാത അനുവദിച്ചു. നേരത്തേ സർവീസ്‌റോഡില്ലാത്ത പല സ്ഥലങ്ങളിലും സർവീസ് റോഡ് വന്നു. പയ്യോളിയിലെ മേൽപ്പാലത്തിന്റെ നീളംകൂട്ടി. മുക്കാളിയിലും മടപ്പള്ളിയിലും കുന്ന്യോറമലയിലും സോയിൽനെയിലിങ്ങിന് പകരം കോൺക്രീറ്റ് സംരക്ഷണഭിത്തി അനുവദിച്ചു. കരിമ്പനപ്പാലത്ത് മണ്ണിന്റെ ഉറപ്പുകൂട്ടാൻ സ്റ്റോൺ കോളം പൈലിങ് തുടങ്ങി. ഏറ്റവുമൊടുവിൽ കൈനാട്ടിമുതൽ കരിമ്പനപ്പാലംവരെയുള്ള വിവിധകേന്ദ്രങ്ങളിൽ മണ്ണിട്ടുയർത്തിയുള്ള പാതയ്ക്ക് പകരം തൂണിൻമേൽപ്പാതയ്ക്കും അനുമതിയായി. അവസാനഘട്ടത്തിൽ 250 കോടി രൂപയുടെ പ്രവൃത്തികളാണ് വരുന്നത്.


































Discussion about this post