പയ്യോളി: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ കഥാസമാഹാരം
24 ന് പ്രകാശനം ചെയ്യുമെന്ന് പുസ്തക പ്രകാശന സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത കഥാകാരനും സാഹിത്യ നിരൂപകനുമായ വി ആർ സുധീഷ് പുസ്തകം പ്രകാശനം ചെയ്യും.
പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ 24 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 .30-ന് നടക്കുന്ന ചടങ്ങിൽ, പ്രശസ്ത നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടി മുഖ്യാതിഥിയാവും. സാംസ്ക്കാരിക പ്രവർത്തകൻ വി പി നാസർ അധ്യക്ഷതയും പ്രദീപ് കണിയാരിക്കൽ പുസ്തക പരിചയവും നിർവഹിക്കും. എഴുത്തുകാരി അനിത ഗോപിനാഥ് പുസ്തകം ഏറ്റുവാങ്ങും. അഡ്വ. സമീർ ബാബു ആദ്യ വിൽപ്പന നടത്തും.
ഏകാന്തതയുടെയും പ്രതീക്ഷയുടെയും ദാർശനിക തലങ്ങളെ സ്പർശിക്കുന്ന, ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകളുടെ സമാഹാരമാണ് കഥാകൃത്ത് സുജേന്ദ്ര ഘോഷ് പള്ളിക്കരയുടെ ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’. പ്രകൃതിയുടെ നിസ്സംഗതയും മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളും ഈ കഥകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു.
വാക്കുകൾക്കതീതമായ, ശക്തമായ ഒരു മൗനം പലപ്പോഴും കഥാപാത്രങ്ങൾക്കിടയിലും അവരുടെ ലോകത്തിലും നിറഞ്ഞുനിൽക്കുന്നു. ‘ഒറ്റമരം’ എന്ന ബിംബം ഏകാന്തതയുടെയും അതിജീവനത്തിൻ്റെയും പ്രതീകമാണെന്നും ഈ സമാഹാരം, കാലത്തിൻ്റെ കുത്തൊഴുക്കിൽ തനിച്ചുനിൽക്കുന്ന ഓരോ ‘ഒറ്റമര’ത്തിനുമുള്ള സമർപ്പണമാണെന്നും എഴുത്തുകാരൻ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ വി പി നാസർ,
കൺവീനർ പി ടി ബാബു, കഥാകൃത്ത് സുജേന്ദ്ര ഘോഷ് പള്ളിക്കര, വൈസ് ചെയർമാൻ സത്യൻ കൂടത്തിൽ, ജോ. കൺവീനർ പി ആർ കെ ദിനേശൻ പങ്കെടുത്തു.




































Discussion about this post