ചേമഞ്ചേരി: പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ പതിമൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കഥകളി പഠന ശിബിരത്തിന് തുടക്കമായി. പഠന ശിബിരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യർ ഉദ്ഘാടനം നിർവഹിച്ചു.
സർവ്വാരാധ്യനായ ഗുരു ചേമഞ്ചേരിയുടെ അനുഗ്രഹാശിസ്സുകളാണ് ഒരു ഗായിക എന്ന നിലയിൽ പ്രശോഭിക്കുന്നതിനുള്ള കരുത്ത് പ്രദാനം ചെയ്തതെന്ന് അവർ അനുസ്മരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സുഗിത തെക്കേടത്ത്, കഥകളി വിദ്യാലയം പ്രസിഡൻ്റ് ഡോ. എൻ വി സദാനന്ദൻ, സെക്രട്ടറി എൻ കെ ശശി, പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേം കുമാർ, പി ടി എ പ്രസിഡൻ്റ് രതീഷ് കുമാർ പ്രസംഗിച്ചു.
കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, ഓട്ടൻ തുള്ളൽ എന്നിവയിലാണ് ശിബിരത്തിൽ പരിശീലനം നല്കുന്നത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം പ്രേംകുമാർ, കലാനിലയം ഹരി, കലാനിലയം പത്മനാഭൻ, കലാമണ്ഡലം ശ്രീരാം, പ്രഭാകരൻ പുന്നശ്ശേരി എന്നിവരാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
രാവിലെ 9.30 മുതൽ 4.30 വരെ നടക്കുന്ന പരിശീലന പരിപാടികൾ – 4.30 മുതൽ 5.30 വരെ എല്ലാ ദിവസവും നടക്കുന്ന പരിചയ സമ്പർക്ക പരിപാടികൾ, ഏപ്രിൽ 29, 30 മെയ് 1 തിയ്യതികളിൽ നടക്കുന്ന കലോത്സവം എന്നിവ ശിബിരത്തെ ഗ്രാമത്തിന്റെ ഒരു സാംസ്കാരികോത്സവമായി മാറ്റുന്നു. മറ്റു ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പടെ എഴുപത്തിയഞ്ച് വിദ്യാർത്ഥികൾ ശിബിരത്തിൽ പങ്കെടുത്തു വരുന്നു.
പരിശീലന പരിപാടികൾ, പ്രഭാഷണങ്ങൾ, കലാവതരണങ്ങൾ, ഉല്ലാസ യാത്ര എന്നിവ ശിബിര പരിപാടികളിലെ വൈവിധ്യമാർന്ന ഇനങ്ങളാണ്. മെയ് 1 ന് ശിബിര പരിപാടികൾക്ക് സമാപനമാവും.


































Discussion about this post