പയ്യോളി: തിക്കോടി പഞ്ചായത്തിൽ മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൽ പഞ്ചയത്ത് ഭരണസമിതി വീഴ്ച വരുത്തുന്നതിൽ ഡി വൈ എഫ് ഐ തിക്കോടി മേഖലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. വൈറൽ പനിയും ഡെങ്കിപ്പനിയും കാരണം ഒട്ടനവധി ആളുകൾ പ്രയാസമനുഭവിക്കുകയാണ്.
ഇതിനിടയിൽ പഞ്ചായത്തിൽ മലേറിയ രോഗബാധ സ്ഥിരീകരിച്ചിട്ടും വിവരം പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകളെന്ന് മേഖല കമ്മിറ്റി കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുപകരം പി ആർ പ്രവർത്തനങ്ങൾക്കും സ്വയം പ്രചാരണത്തിനുമാണ് പഞ്ചായത്ത് ഭരണസമിതി കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് നിലവിലെ സാഹചര്യം കൂടുതൽ വ്യക്തമാക്കുന്നതായും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിർമാർജനവും കൊതുക് നശീകരണ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ഉണ്ടായ അനാസ്ഥയാണ് രോഗവ്യാപനത്തിന് കാരണമായത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലും ജനങ്ങളെ ബോധവൽക്കരിക്കാനും പ്രതിരോധ നടപടികൾ ശക്തമാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.






































Discussion about this post