ചെന്നൈ : തമിഴ്‌നാട്ടിൽ അധികാരം ഏറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭ വിപുലീകരിക്കാൻ ഒരുങ്ങി മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. വരാനിരിക്കുന്ന പൂർണ്ണ നിയമസഭാ സമ്മേളനത്തിനും നിർണായക ഭരണപരമായ തീരുമാനങ്ങൾക്കും മുന്നോടിയായാണ് ഈ നീക്കം.
മെയ് 10നാണ് വിജയിയും ഒൻപത് മന്ത്രിമാരും അടങ്ങുന്ന പുതിയ സർക്കാർ ചെന്നൈയിൽ അധികാരമേറ്റത്. എൻ. ആനന്ദ്, ആദവ് അർജുന, കെ.എ. സെങ്കോട്ടയ്യൻ എന്നിവരടങ്ങുന്നതായിരുന്നു പ്രഥമ മന്ത്രിസഭ. ഭരണത്തിൽ പങ്കാളികളാകുന്ന സഖ്യകക്ഷികൾക്കും പിന്തുണ നൽകുന്ന ഗ്രൂപ്പുകൾക്കും അർഹമായ പ്രാധാന്യം നൽകുമെന്ന വിക്രാവണ്ടിയിലെ ടി.വി.കെ. സമ്മേളനത്തിലെ വിജയിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോൾ വിപുലീകരണ ചർച്ചകൾ സജീവമായിരിക്കുന്നത്.
കോണ്‍ഗ്രസാണ് മന്ത്രിസഭാ വിപുലീകരണത്തില്‍ പ്രതീക്ഷയോടെ നോക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസിന് പുതിയ മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും. 1967ന് ശേഷം തമിഴ്‌നാട്ടിൽ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരില്‍ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്.
”59 വർഷങ്ങൾക്ക് ശേഷം രണ്ട് കോൺഗ്രസ് മന്ത്രിമാർ തമിഴ്നാട് സർക്കാരിന്റെ ഭാഗമാകും. എന്നെപ്പോലെയുള്ള ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർക്ക് ഇത് വികാരനിർഭരവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ ഒരു നിമിഷമാണ്”- ലോക്സഭയിലെ പാർട്ടി വിപ്പ് മാണിക്കം ടാഗോർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
അതേസമയം എഐഎഡിഎംകെയിൽ നിന്ന് അകന്ന് പിന്തുണ പ്രഖ്യാപിച്ച എസ്.പി വേലുമണി വിഭാഗത്തിന് അഞ്ച് കാബിനറ്റ് പദവികൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാരിനെ പിന്തുണയ്ക്കുന്ന മറ്റ് ചില ചെറിയ പാർട്ടികളും ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് വിജയിയുടെ മനസിലെന്ന് നോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.
കൂടിയാലോചനകൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ തന്നെ പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കുമെന്നാണ് വിവരം. ജാതി-പ്രാദേശിക സമവാക്യങ്ങളും സഖ്യകക്ഷികളുടെ താല്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 34 വരെയായി ഉയർത്താനാണ് നീക്കം. എങ്കിലും ആഭ്യന്തരം അടക്കമുള്ള പ്രധാന വകുപ്പുകൾ ടി.വി.കെ തന്നെ കൈവശം വെക്കും.




































Discussion about this post