കേപ്ടൗൺ: 2026 ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ബൂട്ടണിഞ്ഞ മധ്യനിരതാരം ജെയ്ഡൻ ആഡംസ് അന്തരിച്ചു. ടീം ലോകകപ്പിൽനിന്ന് പുറത്തായി ഏതാനും ദിവസങ്ങൾക്കുശേഷമാണ് 25-കാരന്റെ മരണം. ടൂർണമെന്റിലെ ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നിലും ആഡംസ് കളിച്ചിരുന്നു. തുടർന്ന് നോക്കൗട്ടിലെത്തിയെങ്കിലും ആതിഥേയരായ കാനഡയോട് പരാജയപ്പെട്ട് ടൂർണമെന്റിൽനിന്ന് പുറത്താവുകയായിരുന്നു. ശനിയാഴ്ച രാവിലെയോടെ കേപ്ടൗണിലെ വീട്ടിൽ ആഡംസിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മരണകാരണം അറിവായിട്ടില്ല. കുടുംബമോ ബന്ധപ്പെട്ട അധികൃതരോ ഔദ്യോഗികമായ കാരണം വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ പോലീസ് അന്വേഷണമാരംഭിച്ചു. ഒരുദിവസംമുൻപ് കാമുകി അഖീലയ്‌ക്കൊപ്പമുള്ള ചിത്രം അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
2023-ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് സെമി ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരം ദക്ഷിണാഫ്രിക്കയും മെക്‌സിക്കോയും തമ്മിലായിരുന്നു. മത്സരത്തിൽ ദക്ഷിണാഫ്രിക്ക എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു. പിന്നീട് ചെക്ക് റിപ്പബ്ലിക്കിനെതിരേ കളിക്കുന്നതിന് മണിക്കൂറുകൾക്ക് മാത്രം മുൻപ് അദ്ദേഹത്തിന്റെ മുത്തശ്ശി മരിച്ച വിവരം അദ്ദേഹത്തെ അറിയിച്ചിരുന്നു.





































Discussion about this post