കോഴിക്കോട്: യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതികൾ പിടിയിലായി. എസ് കെ ടെമ്പിൾ റോഡിൽ വെച്ച് യുവാവിനെ ആക്രമിച്ച് പണം കവരുകയും, ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴിപണം അയപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് പിടിയിലായത്. അരക്കിണർ ഷക്കീർ നിവാസിൽ മുഹമ്മദ് കൈഫ് (23), പെരുമണ്ണ പുളിക്കൽ താഴം മേലേകുഴിമ്പാട്ടിൽ വീട്ടിൽ മുഹമ്മദ് അൻഷിദ് (23), പെരുവയൽ കായലം അത്തിക്കാട്ടിൻമേൽ വീട്ടിൽ ഫസൽ (26) എന്നിവരെയാണ് കസബ പോലീസും, സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്.
മെയ് 18 ന് രാത്രി എസ് കെ ടെമ്പിൾ ഇടവഴി റോഡിലൂടെ നടന്ന് വിസ്മയ കോളേജിലേക്കുളള ഇടവഴിയിൽ എത്തിയപ്പോഴാണ് പ്രതികൾ ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ തടഞ്ഞുവെച്ച് ആക്രമിച്ചത്. കൈ കൊണ്ട് അടിക്കുകയും, കത്തി വയറിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചു വാങ്ങി ഗൂഗിൾ പേ വഴി മറ്റൊരു അക്കൗണ്ടിലേക്ക് 27,000 രൂപ അയപ്പിക്കുകയും, ഇയാളുടെ പാന്റിന്റെ കീശയിലുണ്ടായിരുന്ന 1500 രൂപയും പ്രതികൾ പിടിച്ചുപറിച്ചു കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ സംഭവ സ്ഥലത്തെയും, സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെപ്പറ്റി മനസ്സിലാക്കുകയും,
സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഈ കേസിലെ പ്രതികളായ മുഹമ്മദ് കൈഫിന്, കസബ, പന്നിയങ്കര എന്നീ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും, ടൗൺ പോലീസ് സ്റ്റേഷനിൽ 2024 ജൂലൈ മാസം കോഴിക്കോട് ബീച്ചിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിൽ വന്ന പ്രതി കടത്തി കൊണ്ട് പോയി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു മുറിയിൽ എത്തിച്ച് ബലമായി എം ഡി എം എ ഉപയോഗിപ്പിച്ച ശേഷം ലൈംഗികാതിക്രമം നടത്തിയതിനും കേസുകൾ നിലവിലുണ്ട്.
മറ്റൊരു പ്രതിയായ മുഹമ്മദ് അൻഷിദിന് പോലീസ് ഡിപ്പാർട്ട്മെന്റ് വാഹനത്തിന്റെ ബോണറ്റിൽ വടി വാൾ കൊണ്ട് വെട്ടി കേടുപാടുകൾ വരുത്തുകയും, വടി വാൾ വീശി ഭീഷണിപ്പെടുത്തിയതിനും, കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് സമീപത്ത് വെച്ച് തിരുവനന്തപുരം സ്വദേശിയുടെ രണ്ടു പവന്റെ മാലപിടിച്ചുപറിക്കുകയും, പേഴ്സും പണവും പിടിച്ചു പറിച്ചതിനും, തൊണ്ടയാട് സ്വദേശിയായ യുവാവിനെ കല്ല് കൊണ്ട് തലക്കടിക്കുകയും, കുപ്പി പൊട്ടിച്ച് കൈക്കും കഴുത്തിനും മുഖത്തും കുത്തുകയും, പോക്കറ്റിലുള്ള 2200 രൂപ ബലമായി പിടിച്ചു പറിച്ചുകൊണ്ടുപോയതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. മൂന്നാം പ്രതിയായ ഫസലിന് മാവൂർ പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും, പൊതുസ്ഥലത്ത് വെച്ച് മദ്യപിക്കുന്നതിനിടെ പിടിയിലായതിനും കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കസബ ഇൻസ്പെക്ടർ പി ജെ ജിമ്മിയുടെ നേതൃത്വത്തിൽ എസ് ഐ പി പി അഖിൽ, എ എസ് ഐ മാരായ പി സജേഷ് കുമാർ, എൻ രജീഷ്, രാജീവ് കുമാർ, സി പി ഒമാരായ ഷിംജിത്ത്, ദീപക്, ടൗൺ അസി. കമീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോയതിയിൽ ഹാജരാക്കി.



































Discussion about this post