ന്യൂഡൽഹി: കഫ് സിറപ്പുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ, ഡോക്ടറുടെ നിർദേശമില്ലാതെ ഫാർമസികളിൽ നിന്ന് നേരിട്ട് വാങ്ങാൻ സാധിക്കുന്ന ഓവർ-ദി-കൗണ്ടർ മരുന്നുകളുടെ പട്ടികയിൽ നിന്ന് ഇത്തരം സിറപ്പുകളെ പൂർണമായും ഒഴിവാക്കി. പുതിയ ഡ്രഗ്‌സ് (അഞ്ചാം ഭേദഗതി) ചട്ടങ്ങൾ 2026 പ്രകാരമാണ് കേന്ദ്ര സർക്കാർ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
1945ലെ ഡ്രഗ്സ് നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം, കുറിപ്പടി ഇല്ലാതെ വാങ്ങാൻ സാധിക്കുന്ന മരുന്നുകളുടെ ഇളവ് നൽകിയിരുന്ന പട്ടികയിൽ നിന്നാണ് ‘സിറപ്പുകൾ’ നീക്കം ചെയ്തത്. ഈ ഭേദഗതി അനുസരിച്ച് ഇനിമുതൽ സിറപ്പ് അടിസ്ഥാനമാക്കിയുള്ള എല്ലാ മരുന്നുകൾക്കും നിർബന്ധമായും ഒരു അംഗീകൃത ഡോക്ടറുടെ കുറിപ്പടി ആവശ്യമായി വരും.
ഡോക്ടറുടെ നിർദേശമില്ലാതെയുള്ള സ്വയം ചികിത്സയും കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ളവയുടെ അനിയന്ത്രിതമായ ഉപയോഗവും തടയുക എന്ന ലക്ഷ്യത്തിലേക്കാണ് ഈ നീക്കം വിരൽചൂണ്ടുന്നത്. പുതിയ നിയമം കർശനമാകുന്നതോടെ കൃത്യമായ മെഡിക്കൽ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ ഫാർമസികൾക്ക് ഇത്തരം മരുന്നുകൾ വിതരണം ചെയ്യാൻ സാധിക്കൂ. ഇതോടെ മരുന്നുകളുടെ വിൽപനയിൽ കൂടുതൽ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കാൻ സാധിക്കും.



































Discussion about this post