തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത വകുപ്പിന്റെ സേവനങ്ങൾക്കായുള്ള ‘സാരഥി’ പോർട്ടൽ പൂർണമായും പണിമുടക്കി. കഴിഞ്ഞ രണ്ടു ദിവസമായി പോർട്ടലിൽ തുടരുന്ന സാങ്കേതിക തകരാറുകൾ കാരണം സംസ്ഥാനത്തുടനീളം ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റുകൾ മുടങ്ങിയിരിക്കുകയാണ്. ലേണേഴ്സ് പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർഥികളടക്കമുള്ള നൂറുകണക്കിന് ഉദ്യോഗാർഥികളാണ് ഇതുമൂലം വിവിധ ആർടിഒ ഓഫീസുകളിൽ വലിയ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
പലർക്കും പരീക്ഷ എഴുതാനാകാതെ മടങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലടക്കം ലേണേഴ്സ് ടെസ്റ്റ് എഴുതാൻ എത്തിയ നിരവധി പേരാണ് മണിക്കൂറുകളായി പരീക്ഷയ്ക്കായി കാത്തുനിൽക്കുന്നത്. പലരും ഒന്നര മണിക്കൂറിലേറെയായി ഓഫീസുകളിൽ തന്നെ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലും പരീക്ഷ എഴുതാനായി വന്ന് മടങ്ങിപ്പോയവരും ഇക്കൂട്ടത്തിലുണ്ട്. തങ്ങളുടെ വിലപ്പെട്ട സമയം ചെലവഴിച്ച് എത്തുന്ന ഉദ്യോഗാർഥികൾക്ക് പോർട്ടൽ എപ്പോൾ ശരിയാകുമെന്നോ പരീക്ഷ എപ്പോൾ നടത്താൻ സാധിക്കുമെന്നോ ഉള്ള കാര്യങ്ങളിൽ യാതൊരുവിധ വ്യക്തതയും ലഭിക്കുന്നില്ല എന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു.



































Discussion about this post