കണ്ണൂര്‍: സ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപിക മരിച്ചു. ഒന്നര വയസുള്ള കുഞ്ഞിന് പാലൂട്ടുന്നതിനായി വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. കണ്ണൂര്‍ മുരിങ്ങോടിയില്‍ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ(30) ആണ് മരിച്ചത്.
പേരാവൂരിലെ ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ അധ്യാപികയാണ് റഷീദ. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെ ആയിരുന്നു അപകടം. ഇരിട്ടി പേരാവൂര്‍ റോഡില്‍ ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
റോഡിലേക്ക് തെറിച്ചു വീണ റഷീദയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലോറി അമിതവേഗതയില്‍ വന്നതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ പേരാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. റഷീദക്ക് ആറും ഒന്നരയും വയസുള്ള രണ്ട് മക്കളാണുള്ളത്.
Discussion about this post