തിരുവനന്തപുരം: സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ ബുധനാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്ത്. 11 ജില്ലയിലെ ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് വാർഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിൽ 76.7 ശതമാനം പേരായിരുന്നു വോട്ടുചെയ്തത്.
ഇടുക്കി ശാന്തൻപാറ തൊട്ടിക്കാനം ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം അംഗം ഇ കെ ഷാബു 253 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റ് ആണ്. പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ടി ജെ ഷൈൻ്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐഎം സ്ഥാനാർഥി പി ബി ദിനമണി 92 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് അംഗം രാജി വെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി ഡി പ്രദീപ് കുമാർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റ്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തൃശൂർ വടക്കാഞ്ചേരി നഗരസഭ മിണാലൂർ സെന്റർ 31-ാം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് സ്ഥാനാർത്ഥി ഉദയബാലൻ പിടിച്ചെടുത്തു. 110 വോട്ടുകൾക്കാണ് വിജയിച്ചത്. 578 വോട്ടുകളാണ് ലഭിച്ചത്.തൃശൂർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പൈങ്കുളം ഡിവിഷൻ എൽ ഡി എഫ് നിലനിർത്തി. എ ഇ ഗോവിന്ദൻ വിജയിച്ചു.
കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാർഡിൽ യു ഡി എഫിന് അട്ടിമറി വിജയം. കോൺഗ്രസിലെ റസീന ടീച്ചർ പൂക്കോട്ട് 272 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. സിപിഐഎമ്മിലെ പി സി രഹനയെയാണ് തോൽപ്പിച്ചത്.
ആലപ്പുഴ മുതുകുളം നാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാർത്ഥി ജി എസ് ബൈജു 487 വോട്ടുകൾക്കാണ് വിജയിച്ചത്. കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ ബിജെപി ജയിച്ചു. വോട്ട് നില: ബിജെപി 286, കോൺഗ്രസ് 209, സിപിഎം 164. പാണ്ടനാട് ഏഴാം വാർഡിലും യുഡിഎഫിനു ജയം. 103 വോട്ട് ഭൂരിപക്ഷം. പാലമേൽ 11-ാം വാർഡിൽ യുഡിഎഫ് ജയിച്ചു.
മലപ്പുറം നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 31–ാം വാർഡായ കൈനോട് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സി ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൗൺസിലർ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
എറണാകുളം എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്റി ജോസാണ് വിജയിച്ചത്. 41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സീറ്റ് ഇവർ പിടിച്ചെടുത്തത്. എൽഡിഎഫിലെ റാണി റോയിയെയാണ് സാന്റി പരാജയപ്പെടുത്തിയത്. പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷൻ സിപിഐഎം സ്ഥാനാർത്ഥി നിമിഷ ജിനേഷ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. നിമിഷ ജിനേഷിന് 160 വോട്ടുകളാണ് ലഭിച്ചത്.
Discussion about this post