
പയ്യോളി: ‘സ്നേഹം -ജനാധിപത്യം -കൂട്ടായ്മ’ എന്നീ സന്ദേശങ്ങൾ ഉയർത്തി, തിക്കോടി ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ ഏഴാമത് ജനകീയ സാംസ്കാരികോത്സവം ‘തിക്കോടി ഫെസ്റ്റ്’ ഫെബ്രുവരി 2 ന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം കുട്ടികൃഷ്ണൻ മാസ്റ്ററുടെപേരിലുള്ള മൂന്നാമത് സാഹിത്യ പുരസ്കാരത്തിന് ആർ രാജശ്രീയുടെ “കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത” എന്ന നോവൽ അർഹമായി.

കെ ഇ എൻ, വൈശാഖൻ എന്നിവരടങ്ങിയ പുരസ്കാര സമിതിയാണ് കൃതി തെരഞ്ഞെടുത്തത്. ഇവർക്കുള്ള പുരസ്കാര ദാനവും ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ നടക്കും. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫെബ്രു 2, 3, 4 5 തീയതികളിലായി തിക്കോടി ഫെസ്റ്റ് നടക്കുന്നത്.
ഫെബ്രു. 2 ന് 5 മണിക്ക് ഫെസ്റ്റിന് പതാക ഉയരും. തുടർന്ന് “നാടുണരുന്നു” എന്ന പേരിൽ പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാപരിപാടികൾ, ഗാനമേള, നൃത്ത നൃത്ത്യങ്ങൾ, അറബനമുട്ട് തുടങ്ങിയ കലാപരിപാടികൾ നടക്കും.

3 ന് വെള്ളിയാഴ്ച ഫെസ്റ്റ് ഉദ്ഘാടനവും എം കുട്ടികൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാര സമർപ്പണവും കെ ഇ എൻ നിർവ്വഹിക്കും.പ്രശസ്ത എഴുത്തുകാരി ആർ രാജശ്രീ പുരസ്കാരം ഏറ്റുവാങ്ങും. മുഖ്യാതിഥിതികളായി സംവിധായകൻ ജിയോബേബി, പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ, പി സുരേഷ് ഗയ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് റാസയും ബീഗവും ഒരുക്കുന്ന ഗസൽ നിലാവ് അരങ്ങേറും.

ഫെബ്രു. 4 ശനിയാഴ്ച 5 മണിക്ക് കേരള വനിതാ കമ്മീഷൻ നേതൃത്വത്തിൽ ജില്ലാ തല സെമിനാർ ‘തുല്യതയുടെ വർത്തമാനം’ എന്ന വിഷയത്തിൽ നടക്കും. സെമിനാറിൻ്റെ ഉദ്ഘാടനം ചെയർ പേഴ്സൺ കേരള വനിതാ കമ്മീഷൻ അഡ്വ. പി സതീദേവി നിർവ്വഹിക്കും. അനിൽ ചേലമ്പ്ര, അഡ്വ. പി എം ആതിര, ശീതൾ ശ്യാം, ആർ ഷിജു തുടങ്ങിയർ പങ്കെടുക്കും. 7 മണിക്ക് പ്രതിഭകളെ ആദരിക്കും. എം എൽ എ മാരായ കെ ടി ജലീൽ, കാനത്തിൽ ജമീല തുടങ്ങിയവർ പങ്കെടുക്കും. 8 മണിക്ക് അരങ്ങ് കൊയിലാണ്ടി അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്കാരവും ‘നാട്ടുണർവ്വ്’ അരങ്ങേറും.

ഫെബ്രു. 5 ന് ഞായറാഴ്ച രാവിലെ 11 ന് ഭിന്നശേഷി ക്കാരുടെ ഒത്തുചേരൽ ‘ആരവം’ നടക്കും. വൈകീട്ട് 3 ന് ‘മുതിർന്ന വരെ കേൾക്കൽ’ പരിപാടി നടക്കും. 5 ന് മാധ്യമ സെമിനാർ. ഡോ. അരുൺ കുമാർ ഉദ്ഘാടനം ചെയ്യും. കെ കെ ഷാഹിന, കെ ടി കുഞ്ഞിക്കണ്ണൻ ‘ ഹാരീസ് മടവൂർ തുടങ്ങിയവർ പങ്കെടുക്കും.

വൈകീട്ട് സമാപന സമ്മേളനം ദീപ നിശാന്ത് ഉദ്ഘാടനം ചെയ്യും. ചന്ദ്രശേഖരൻ തിക്കോടി, സോമൻ കടലൂർ, സുരേഷ് ചങ്ങാടത്ത് തുടങ്ങിയവർ പങ്കെടുക്കും. 7. 30 ന് മേഹ്ഫിൽ – ഇ – സമ ഒരുക്കുന്ന ഖവാലി അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, ജനറൽ കൺവീനർ കെ വി രാജീവൻ, വർക്കിംഗ് ചെയർമാൻ ടി കെ രുഗ്മാംഗദൻ, ട്രഷറർ ബിജു കളത്തിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി കെ ശശികുമാർ എന്നിവർ പങ്കെടുത്തു.

Discussion about this post