“തെയ്യം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ അയനിക്കാട് അമർജിത്ത് കോമത്ത് തൻ്റെ നെല്ലിയാമ്പതി യാത്രക്കിടയിൽ പകർത്തിയ ജീവസ്സുറ്റ, മനോഹര ചിത്രങ്ങൾ ‘പയ്യോളി വാർത്തകളുടെ’ വായനക്കാരുമായി പങ്കുവെക്കുന്നു.”

നിത്യഹരിത വനങ്ങളാണ് മലമുഴക്കി വേഴാമ്പലിൻ്റെ ആവാസ കേന്ദ്രം. പേര് അന്വർത്ഥമാക്കുന്ന വിധം ചിറകടിക്കുമ്പോൾ മുഴങ്ങുന്ന ശബ്ദം അവയെ വളരെ ദൂരെ നിന്നേ തിരിച്ചറിയാൻ സഹായിക്കുന്നു. മലകളിൽ പ്രതിധ്വനിക്കുമാറ് ശബ്ദവും ഹെലികോപ്റ്റർ പറക്കുന്ന പോലെയുള്ള ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേരുകിട്ടാൻ കാരണം.


കേരളത്തിന്റെയും അരുണാചൽ പ്രദേശിൻ്റെയും ‘സംസ്ഥാന പക്ഷി’ എന്ന സ്ഥാനം അലങ്കരിക്കുന്നത് മലമുഴക്കി വേഴാമ്പൽ ആണ്. തലയിൽ ഉള്ള പാത്തി, വലുപ്പമേറിയ വളഞ്ഞ കൊക്ക്, നീണ്ട കഴുത്ത്, വൃത്താകൃതിയിലുള്ള ചിറകുകൾ, നീണ്ട വാൽ, കൺപോളകളിൽ കാണുന്ന ഇമകൾ ഇതെല്ലാം വേഴാമ്പലുകളുടെ പ്രത്യേകതകൾ ആണ്.


കറുപ്പും വെളുപ്പും നിറങ്ങൾക്കു ഇത്രയേറെ മനോഹാരിതയുണ്ടെന്ന് വേഴാമ്പലിനെ കാണുമ്പോൾ നമുക്ക് മനസിലാകും. ചില സ്രവങ്ങൾ ശോഭയേറിയ മഞ്ഞ നിറവും നൽകുന്നു. പൂർണ വളർച്ചയെത്തുന്ന വേഴാമ്പലിനു കൊക്കു മുതൽ വാൽ വരെ 150 സെന്റി മീറ്ററോളം നീളം ഉണ്ടാകും.

ആൺപക്ഷിയെയും പെൺപക്ഷിയെയും തിരിച്ചറിയാൻ സഹായിക്കുന്നത് ഇവയുടെ കണ്ണുകളാണ്. ആൺപക്ഷിയുടേത് ചുവന്ന കണ്ണുകളും പെൺപക്ഷിയുടേത് വെളുത്തുമായിരിക്കും ഉണ്ടാവുക.
മഴ കാത്തു കഴിയുന്ന വേഴാമ്പൽ എന്ന പ്രയോഗം അവ വെള്ളം കുടിക്കാറില്ല എന്ന ധാരണയിൽ നിന്നുണ്ടായതാണെന്നാണ് കരുതുന്നത്.


ജലാംശമേറിയ പഴങ്ങൾ മുഖ്യ ആഹാരമായതിനാൽ അവ പൊതുവെ വെള്ളം കുടിക്കാറില്ല.
ഒരു ജീവിതപങ്കാളിയെ മാത്രമാണ് വേഴാമ്പൽ തിരഞ്ഞെടുക്കുക. ഉയരം കൂടിയ മരങ്ങളിൽ കാണപ്പെടുന്ന പൊത്തുകളിലാണ് കൂടുകൂട്ടുന്നത്. ഏകദേശം 50 വർഷം വരെയാണ് ആയുസ്.









Discussion about this post