സുബീഷ് യുവ
“അട്ടപ്പാടി ആദിവാസി ഊരുകളിൽ അവരോടൊപ്പം 40 ദിവസത്തോളം താമസിച്ച് അവരുടെ ജീവിതത്തോടൊപ്പം യാത്ര ചെയ്ത് പകർത്തിയ ചിത്രങ്ങൾ.15 വർഷത്തോളമായി ഫോട്ടോഗ്രാഫി മേഖലയിൽ, ഫോട്ടോഗ്രാഫിയാണ് ജീവിതം….. ഫോട്ടോഗ്രാഫി തന്നെയാണ് ഉപജീവനം. മനുഷ്യ ജീവിതം ഒപ്പിയെടുക്കുക എന്നതാണ് ഫോട്ടോഗ്രാഫിയിലെ ഇഷ്ടം.”
കേരളത്തിലെ ആദിവാസികളെക്കുറിച്ചോർക്കുമ്പോൾ ദാരിദ്ര്യരേഖയുടെ അളവുകോലോർമ്മവരും. കൃഷിയിടങ്ങളെക്കുറിച്ചും നിലനിൽപിനു വേണ്ടിയുള്ള സമരങ്ങളെക്കുറിച്ചും ഓർമ്മ വരും. അങ്ങനെ, നാടും ജീവിതവും അടച്ചുപൂട്ടിയ ഒരു കാലത്ത് കാടും മേടും ഉണർന്നിരുന്ന ജീവിതചിത്രത്തിലേക്കുള്ള യാത്രയാണ് ക്യാമറാ കൊകല്.
കുന്നിറങ്ങി വന്ന കാട്ടാനക്കൂട്ടങ്ങൾ തിന്ന് മദിച്ച റാഗിപ്പുല്ലുകൾക്കരികെ നിന്ന കാളി അണ്ണൻ, മിച്ചം വന്ന റാഗി വേവിച്ചെടുത്ത് വിളമ്പിത്തന്ന കുഞ്ഞമ്മ പാട്ടി, ഊരിലെ പാട്ട് നാട്ടിലെ പാട്ടാക്കിയ നഞ്ചിയമ്മ. കാടിന്റെ കഥ പറഞ്ഞ രങ്കമൂപ്പൻ, അരുവിയും കാടും മലഞ്ചെരിവും കടന്ന് ഊരിൽ നിന്ന് ഊരിലേക്ക് നടന്നപ്പോൾ കൂട്ടായ രാമു, കേട്ടറിഞ്ഞതും വായിച്ചതുമായ ജീവിത സത്യങ്ങൾ അവിടെ നിന്നും മാഞ്ഞു പോയത് അനുഭവപ്പെട്ടു.
ചവിട്ടി നിൽക്കുന്ന മണ്ണിൽ ജീവിതത്തിന്റെ വിളവെടുത്തവരുടെ ജീവിതം മറ്റൊരുപാട് ചൂഷണങ്ങൾക്ക് പതിയെ പതിയെ വിധേയമായിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ അവരുടെ സ്വത്വബോധത്തിന്റെ തനിമ മറ്റേതോ ലോകം കവർന്നെടുക്കുകയാണ്.
മരുതിയുടെയും രങ്കിയുടേയും കണ്ണുകളിലെ നരച്ച വെളിച്ചം ഒരു വംശഹത്യയുടെ തെളിവുകൾ നൽകുന്നു. ചൂഷണമെന്നൊരു വ്യവസ്ഥിതി ബിനാമികളായി ഇറങ്ങി വന്ന് കാറ്റാടി യന്ത്രങ്ങളായി, വിനോദ വ്യവസായികളായി ഇവിടെ നിലയുറപ്പിക്കുന്നു.
”പ്രകൃതി വിഭവങ്ങളുടെ ആരോഗ്യ രസത്തെക്കുറിച്ച് പ്രബന്ധമെഴുതുന്നവർ പോഷകാഹാരക്കുറവിൽ മരിച്ച കുഞ്ഞുങ്ങളുടെ കണക്കുകൾ എണ്ണിനോക്കണം.”
പന്ത്രണ്ട് പേറ് കഴിഞ്ഞ് പതിനൊന്നും ചാപിള്ളയായി ഒറ്റ കുഞ്ഞിന് അന്നം കൊടുത്ത രാജമ്മ ഉണ്ടിവിടെ.
ആദിവാസി സംസ്കാരത്തിന്റെ, ഗോത്രജീവിതത്തിന്റെ തനിമ നിലനിർത്തിയ ഗോത്രകാരണവൻമാരുടെ കഥകളൊരുപാട് കേട്ടു. മൂപ്പനും വണ്ഡാരിയും കുറുതലൈയും മണ്ണുകാരനും തലൈവീരനും അവരവരുടെ ഊരുകളിൽ ഒറ്റക്കിരിപ്പാണ്.
ഗോത്രജീവിതത്തിലേക്ക് സർക്കാരിന്റെ സഹായങ്ങളെത്തിക്കാൻ എസ് സി /എസ് ടി പ്രമോട്ടർമാർ ജനാധിപത്യത്തിന്റെ മറ്റൊരു രീതി അവിടെ ചേർക്കുന്നു. തൊഴിലുറപ്പും റേഷനും പെൻഷനും ലഭിക്കുന്നതിനാലാവാം പാടത്തും കാട്ടിലും കാണാതെ എല്ലാവരും കൂപ്പണരിശി വാങ്ങാനായി വരിനിൽക്കുന്നവരായി മാറിയതെന്ന് രാജമ്മ പറഞ്ഞത്.
അലസമായി പോകുന്ന ജീവിതം ഊറ്റിയെടുക്കാൻ മരത്തൊലിയും കാട്ടുപഴങ്ങളും ചേർത്ത് വാറ്റുന്ന പാനീയമാണ് അവരുടെ മറ്റൊരു വരുമാനമാർഗം.
സന്ധ്യ മയങ്ങുമ്പോൾ വെള്ളങ്കരിയുടെ കൊകലിലൂടെ കേൾക്കുന്ന പ്രാചീനമായ ഗോത്രജീവിതം തുളുമ്പുന്ന ഒരു സംഗീതമുണ്ട്. ചുറ്റും തീ കാഞ്ഞിരിക്കുന്നവരുടെ കണ്ണുകളിൽ നാദം പകർത്തുന്ന വെളിച്ചം മിന്നി മറയുന്നത് കാണാം. തണുപ്പും മഞ്ഞും കാറ്റും പിന്നെ കുന്നുംപുറങ്ങളിലേക്ക് ഇടക്കിടെ വന്ന് വീഴുന്ന വെയിലും, അവരുടെ ഉടലിന്റെ നിസ്സഹായതകളും ഊരിലെ കൂടുകളിലെ കോഴിയും കന്നുകാലികളും പട്ടിയും
നിലം മെഴുകിയ ചാണകഗന്ധവും കാടുകളിൽനിന്ന് കേൾക്കുന്ന കിളികളുടെ കൂകലും ആനയുടെ ചൂരും. നീണ്ടു കിടക്കുന്ന വഴികളിലൂടെ ക്യാമറയുമായി നടന്നപ്പോൾ എന്റെ കാഴ്ചയുടെ കുഴലും വേദന പകർത്തുന്ന ഒരു കൊകലായി മാറുകയായിരുന്നു.
ആചാരവും തിരിയും കത്തിച്ച്, മല്ലീശ്വര മുടിയുടെ മുമ്പിലേക്ക് നീലഗിരിക്കുന്ന് പിതാവായും ഭവാനിപ്പുഴ മാതാവായും സങ്കൽപിച്ച് മല്ലനേയും മല്ലിയേയും തേടി പ്രകൃതിയുടെ പ്രണയത്തിലേക്ക് അവരോടൊപ്പം കൊകലുമായി ഞാനും ചേർന്നു.
”ജീവിതത്തിനു ചുറ്റും അധിനിവേശത്തിന്റെ ക്രൂരകരങ്ങൾ അവരുടെ ജീവിതത്തെ കാത്തിരിക്കുമ്പോൾ ആയിരം കൊല്ലങ്ങൾക്കപ്പുറം, കാട് പുലർത്തിയിരുന്ന രീതിയും നീതിയും ആചാരങ്ങളുടെ, സംസ്കാരത്തിന്റെ മണ്ണടരുകളിൽ ഒരു വംശഹത്യയുടെ ഒരു ചെറിയ ചവിട്ടടി പതിയുന്നതായി ഞാനോർക്കുന്നു…”
എന്റെ ക്യാമറയും അവിടെ വന്ന കാറ്റ് പകർന്നു തന്ന എന്റെ തന്നെ വാഹനത്തിന്റെ പെട്രോൾ ഗന്ധവും എന്നെ അവിടെയുള്ള ഒരാളല്ലാതാക്കിത്തീർക്കുന്നു.
Discussion about this post