”നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പ്ലാവില ബുക്സ് ഏർപ്പെടുത്തിയ പ്ലാവില പുരസ്കാരം ഇരിങ്ങലിലെ പൗർണമി ശങ്കരന്.11,111 രൂപയും ഫലകവുമാണ് പുരസ്കാരം. ജൂൺ രണ്ടാം വാരം തലശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.”
അർഹതപ്പെട്ട ഒരു പുരസ്ക്കാരം കൂടി ശങ്കരനെ തേടി എത്തിയിരിക്കുന്നു. വടകര വരദയുടെ ‘മക്കൾക്ക്’ എന്ന നാടകം കണ്ട് കണ്ണു നിറഞ്ഞപ്പോഴാണ് പൗർണ്ണമി ശങ്കരനെ പരിചയപ്പെടണമെന്ന് ആഗ്രഹമുടലെടുത്തത്. ഒരേ നാട്ടുകാരായിരുന്നുവെങ്കിലും, എവിടെ കണ്ടാലും ഇഷ്ടപ്പെട്ട നാടക കലാകാരൻ എന്ന ബഹുമാനത്തിൽ തലയാട്ടി ഭവ്യതയോടെ കടന്നു പോകുന്നതായിരുന്നു ശീലം.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
അഭിനയം, കലാസംവിധാനം, രംഗപടം, ലൈറ്റ് ഡിസൈനിങ്ങ്, സംവിധാനം തുടങ്ങി നടകത്തിൻ്റെ എല്ലാ മേഖലകളിലും കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട് പൗർണമി ശങ്കർ. നാലു പതിറ്റാണ്ട് കാലത്തെ, നാടക രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് അദ്ദേഹത്തിന് പ്ലാവില പുരസ്കാരം സമ്മാനിക്കുന്നത്.
ഇക്കാലയളവിൽ നൂറ് കണക്കിന് നാടകങ്ങൾക്കാണ് അദ്ദേഹം സംവിധാനമൊരുക്കിയിട്ടുള്ളത്. പ്രൊഫഷണൽ /അമേച്വർ നാടകങ്ങൾ, തെരുവ് നാടകം, കുട്ടികളുടെ നാടകങ്ങൾ തുടങ്ങി എല്ലാ മേഖലയിലും അദ്ദേഹം കൈവെച്ചു. ആയിടയ്ക്കാണ് 1985 ൽ വി ടി മുരളി, ഹുസൈൻ, വിശ്വനാഥൻ, ബാങ്ക് രവി എന്നിവർ വടകര വരദ രൂപീകരിച്ചത്. ആ നാടകട്രൂപ്പുമായി സഹകരിക്കാൻ തുടങ്ങിയതോടെയാണ് പ്രൊഫഷണൽ നാടക രംഗത്ത് നിലയുറപ്പിച്ചത്. വരദയ്ക്ക് വേണ്ടി തിക്കോടിയൻ എഴുതി വേണുകുട്ടൻ നായർ സംവിധാനം ചെയ്ത ‘ശാന്തിപർവ്വം’ ആണ് ശങ്കരേട്ടൻ ആദ്യമായി അഭിനയിച്ച പ്രൊഫഷണൽ നാടകം.
പിന്നീട് വരദയുടെ ചന്ദ്രശേഖരൻ തിക്കോടി രചന നിർവഹിച്ച ‘അമൃതംഗമയ’ എന്ന പ്രൊഫഷണൽ നാടകമാണ് ശങ്കരൻ ആദ്യമായി സംവിധാനം ചെയ്തത്.
30 വയസ് മുതൽ അഭിനയിച്ചു തുടങ്ങിയ ശങ്കരൻ 40 വർഷക്കാലമായി നാടക രംഗത്തെ നിറസാന്നിധ്യമാണ് പൗർണമി ശങ്കരൻ. എം ടി വാസുദേവൻ നായരുടെ ‘ഇരുട്ടിൻ്റെ ആത്മാവ്’ 4 വർഷം തുടർച്ചയായി വരദ കളിച്ചിരുന്ന നാടകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘നവരാത്രി’ എന്ന നാടകം 2 വർഷം തുടർച്ചയായി കളിച്ചിട്ടുണ്ട്. ചിത്രകൂടവും പി എം താജിൻ്റെ ഉത്രവും തിരുനാളിൻ്റെ കല്പന പോലെയും വരദ
ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന
നാടകം എം മുകുന്ദൻ്റെ അച്ഛൻ എന്ന ചെറുകഥയുടെ നാടകാവിഷ്ക്കാരം ജയൻ തിരുമനയുടെ ‘മക്കൾക്ക്’ എന്ന നാടകവും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഒരു വർഷകാലം മദ്രാസിലെ എം ജി ആറിൻ്റെ ഉടമസ്ഥതയിലുള്ള സത്യ സ്റ്റുഡിയോയിൽ നിന്നു കലാസംവിധാനം പഠിച്ചിറങ്ങുമ്പോൾ ശാസ്ത്രീയമായി പഠിച്ചെടുത്ത ഒരു കല കയ്യിലുണ്ട് എന്നതിനപ്പുറം ഭാവിയെക്കുറിച്ച് പ്രത്യേകിച്ചൊരു ലക്ഷ്യബോധവുമുണ്ടായിരുന്നില്ല. എന്നാൽ ഒരേ സമയം മലയാളത്തിലും തമിഴിലുമായി ‘ഗുഡ് ഫ്രൈഡേ’ എന്ന സിനിമയുടെ കലാസംവിധാനം നിർവഹിച്ചതോടെ അവസരങ്ങൾ തേടി വരികയായിരുന്നു. അന്തരിച്ച പ്രശസ്ത നടൻ മുരളി നായക വേഷം ചെയ്ത ‘പഠിപ്പുര’ എന്ന സിനിമയിലെ കലാസംവിധാനമാണ് പൗർണ്ണമി ശങ്കരൻ്റെ വഴിത്തിരിവ്.
പത്തോളം സീരിയലുകളിലെ അഭിനയം. സൂര്യ ടി വിയിലെ മെഗാസീരിയൽ ‘ആയില്യംകാവ്’ 300 എപ്പിസോഡിൽ മുഖ്യ വേഷം ചെയ്തപ്പോൾ അമൃത ടി വിയിലും ഏഷ്യാനെറ്റ് ചാനലുകളിലും വിവിധ സീരിയലുകളിലായി അഭിനയിക്കുകയും ഒപ്പം കലാസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൻ്റെ ആദ്യ സീരിയൽ ‘കസവ്’ൽ കലാസംവിധാനത്തോടൊപ്പം അഭിനയിക്കുകയും ചെയ്തു. അമൃത ടി വിയിൽ കൃഷണ കൃപ സാഗരം, ഭഗവാൻ ശിവൻ എന്നീ സീരിയലുകളിലും അഭിനയിച്ചു.
വടകര ബി ഇ എം സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി 4 വർഷം ‘ഗ്രെയ്റ്റ് ബോംബെ സർക്കസ്സി’ൻ്റെ പരസ്യ വിഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്.ഇതു കഴിഞ്ഞ്, തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് പൗർണ്ണമി ആർട്സ് ആരംഭിച്ചത്. കാലം കഴിഞ്ഞതോടെ നാട്ടുകാർ ശങ്കരൻ സ്ഥാപന പേര് ചേർത്ത് പൗർണ്ണമി ശങ്കർ എന്ന് അറിയപ്പെട്ടു തുടങ്ങി.
സ്കൂൾ പഠനകാലത്ത് ചിത്രരചനയിൽ അതീവ താല്പര്യം കാട്ടിയത് കൊണ്ടും നിരവധി സമ്മാനങ്ങൾ നേടിയതുകൊണ്ടും തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സിൽ ചിത്രകലാപഠനം സാധ്യമായി. ഇപ്പോൾ
തിരുവനന്തപുരത്തെ ഒരു നാടകട്രൂപ്പിനു വേണ്ടി ‘അയ്യങ്കാളി’ എന്ന നാടകം സംവിധാനം നിർവഹിക്കേണ്ടതിൻ്റെ പണിപ്പുരയിലാണ് ശങ്കരൻ.
ഇദ്ദേഹത്തിൻ്റെ മക്കളും നൃത്തത്തിലും
ശില്പ, ചിത്രകലകളിലും മികവ് തെളിയിച്ചവരാണ്.
കോഴിക്കോട് ജില്ലയിലെ വടകര കരിമ്പനപ്പാലം കണ്ണംങ്കുഴി വീട്ടിലെ പരേതനായ കുഞ്ഞുണ്ണി കുറുപ്പിൻ്റെയും നാരായണി അമ്മയുടെയും മകനാണ് പൗർണ്ണമി ശങ്കർ. ഭാര്യ കമല. സഹോദരങ്ങളും കലാകാരന്മാരാണ്.
ഇപ്പോൾ 17 വർഷമായി ഇരിങ്ങൽ പീടികകണ്ടി (നന്മ) യിലാണ് താമസം.
Discussion about this post