കൊഴിയും എന്നു കരുതി പൂക്കാതിരിക്കാൻ കഴിയുമോ..?
പൂവിനും പ്രണയത്തിനും..!
പ്രണയമെന്ന തീഷ്ണവികാരം മനുഷ്യ ജീവിതത്തിലെ മഹാരഹസ്യങ്ങളിലൊന്നാണ്. പ്രണയം പോലെ മനസിന് സന്തോഷവും ആഹ്ലാദവും തരുന്ന മറ്റൊരു വികാരാനുഭവവും ഇല്ലായെന്നു തന്നെ പറയാം. മനുഷ്യ ബന്ധങ്ങൾ ഉടലെടുത്ത, അന്നു മുതൽക്കേ പ്രണയത്തെ കാവ്യസങ്കൽപ്പങ്ങളിൽ എത്ര ഹൃദയഹാരിയായിട്ടാണ് വരച്ചിട്ടിരിക്കുന്നത്. പ്രണയ സങ്കൽപ്പങ്ങളിൽ ഏറ്റവും ഉദാത്തമായി നാം വിശേഷിപ്പിക്കുന്ന അർദ്ധനാരീശ്വര സങ്കൽപ്പവും, രാധാകൃഷ്ണ സങ്കൽപ്പവും പ്രണയത്തെ ഒന്നു കൂടെ അനശ്വരമാക്കുന്നു. എങ്കിൽപ്പോലും, ഒരു നിർവചനത്തിനും പിടി തരാത്ത മഹത്തായ ഒരു വികാരമാണീ പ്രണയം.
“എവിടെയാണെങ്കിലും നിൻ്റെ സങ്കൽപ്പങ്ങൾ എഴു വർണ്ണങ്ങളും വിടർത്തട്ടെ” എന്നു പാടിയ കാലത്തു നിന്നും പ്രണയം ഇന്ന് എത്രമാത്രം മാറിയിരിക്കുന്നു? പ്രണയത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും കഥകൾ കേട്ടു വളർന്ന നമുക്കിടയിലേക്ക് ദിനം പ്രതി, പ്രാണനെടുക്കുന്ന പ്രണയ കഥകളുടെ കെട്ടഴിയുകയാണ്. മഴവില്ലുപോലെ മനസിൽ തെളിയുന്ന പ്രണയാനുഭവങ്ങൾ പുത്തൻ തലമുറയിലുണ്ടോ..?
പ്രണയ നൈരാശ്യം എന്തു കൊണ്ട് പ്രതികാരത്തിലേക്കു മാറുന്നു.., എന്നതിന് കൃത്യമായ ഉത്തരം നിർവചിക്കാനാവില്ല. എങ്കിലും വ്യക്തികൾക്കുള്ളിലെ സ്വഭാവ ദൂഷ്യങ്ങൾ, മാനസിക പ്രശ്നങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ, സോഷ്യൽ മീഡിയകളുടെ കടന്നു കയറ്റം, ലഹരി മരുന്നുകളുടെ അമിത ഉപയോഗം എന്നതും ചില കാരണങ്ങൾ മാത്രമായി പഠനങ്ങൾ തെളിയിച്ചു വരുന്നുണ്ട്.
പ്രണയം നിരാസം, പ്രണയ നൈരാശ്യം എന്നിവ മൂലം ഉണ്ടാവുന്ന കുറ്റകൃത്യങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. 12 വർഷങ്ങൾക്ക് മുൻപ് രാജ്യത്തെ ഞെട്ടിച്ച പ്രണയ പ്രതികാരത്തിൻ്റെ, ആദ്യ ഇരയായി മാറിയ ഡൽഹിയിലെ ലക്ഷ്മി അഗർവാളിനെ നമ്മൾ മറന്നു കാണില്ല. ലക്ഷ്മിയിൽ തുടങ്ങി 2021 ൽ പ്രണയ പകയ്ക്ക് ജീവൻ നൽകേണ്ടി വന്ന കൃഷ്ണപ്രിയയും അവസാനത്തെ ഇരയല്ല എന്നു നിസ്സംശയം പറയാം… എന്താണീ പ്രണയ ബന്ധങ്ങൾക്ക് സംഭവിച്ചത്..? പ്രണയവും, നൈരാശ്യവും സ്വഭാവികമാണ്. പക്ഷേ, ഇതു മൂലം ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളെ ഒരിക്കലും ന്യായീകരിക്കാൻ പറ്റുന്നതല്ല.
പുത്തൻ തലമുറയ്ക്ക് പ്രണയം എന്താണ്?
പുതു തലമുറയ്ക്ക് ‘ആശയ വിനിമയത്തിന് ഒരു പാട് സാധ്യതകൾ ലഭിക്കുന്ന യന്ത്രവൽകൃത ലോകത്താണ് നാം ഇന്നു ജീവിക്കുന്നത്. “പ്രണയത്തിന് കണ്ണില്ല” എന്ന പഴമൊഴി അന്വർത്ഥമാക്കുന്ന ചില പ്രണയങ്ങളും, ഒപ്പം, എന്നും താങ്ങും തണലുമായി മരണം വരെ ചേർന്നു നിൽക്കുന്ന സ്നേഹ ബന്ധങ്ങളും ഒത്തിരിയുണ്ടെങ്കിൽ പോലും, സോഷ്യൽ മീഡിയകൾ വഴി തളിരിടുന്ന, ജീവിതവും സാഹചര്യങ്ങളും നോക്കാതെയുള്ള പുത്തൻ പ്രണയം, വെളിച്ചം കണ്ട ഈയാം പാറ്റ പോലെ, തീയിലകപ്പെട്ട് ചിറക്കരിഞ്ഞ് വീഴുന്നുമുണ്ട്. “തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, കൊടുത്തു കൊണ്ടിരിക്കുക” എന്ന പ്രണയ തത്വം പുതിയ തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്നു.
വൈരാഗ്യത്തിന് ലഹരിയേക്കാൾ ശക്തിയോ…? പരിഹാരം…
പ്രണയം ആർക്കും എപ്പോഴും തോന്നുന്ന വികാരമാണ്. ചിലപ്പോൾ ഒരു വ്യക്തിയുടെ ബാഹ്യ സൗന്ദര്യത്തോടും, അവരുടെ സ്വഭാവ സവിശേഷതകളോടും തോന്നുന്ന ഒരു ആകർഷണം മാത്രമാവാം പ്രണയം. പ്രണയത്തെ അതിൻ്റെ കൊടുമുടിയിൽ എത്തിക്കുവാൻ നമ്മുടെ ശരീരത്തിലെ ഡോപ്പോമിൻ എന്ന ന്യുറോ ട്രാൻസ്മിറ്റർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ തന്നെ പ്രണയിനിയെ നഷ്ടപ്പെടുമ്പോൾ അതുവരെ കേട്ടു വളർന്ന മൂല്യങ്ങളെല്ലാം മറന്നു കൊണ്ട് അവരെ ഉപദ്രവിക്കാൻ ഇറങ്ങി തിരിക്കുന്നതിൽ തെറ്റൊന്നും പറയാൻ കഴിയില്ല.
മനുഷ്യ ജീവൻ്റെ വില അറിയാത്തവരാവാം പലപ്പോഴും ഇത്തരം ക്രൂരകൃത്യങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത്. പ്രണയാഭ്യർത്ഥനകൾ നിരസിക്കപ്പെടുമ്പോൾ ഉടനെ ആക്രമണം, കൊലപാതകം, ആത്മഹത്യ എന്നിവയിലേക്ക് എത്തിച്ചേരാനുള്ള ഇടമായി ചിലർക്കെങ്കിലും പ്രണയം മാറിയിട്ടുണ്ട്. ഇവിടെ വേണ്ടത് “പ്രണയ സാക്ഷരതയാണ്’. കുട്ടികളുടെ സ്വഭാവരൂപീകരണം കൂടുതലായി നടക്കുന്നത് വീടുകളിലും, സ്കൂളുകളിലും വെച്ചാണ്. അതിനാൽ “ബാല്യകാലത്തിൽ തന്നെ കുട്ടികളുടെ സ്വഭാവ സവിശേഷതകൾ രക്ഷിതാക്കൾ മനസ്സിലാക്കുകയും, ‘ബന്ധങ്ങളുടെ വിലയെപ്പറ്റിയും, ബന്ധങ്ങൾ
നഷ്ടമാവുമ്പോൾ ഉണ്ടാവുന്ന ആഘാതങ്ങളെ എങ്ങനെ മറികടക്കണമെന്നും, സഹജീവികളോടുള്ള സ്നേഹത്തിൻ്റെ മഹത്വത്തെപ്പറ്റിയും, ഒപ്പം ലൈംഗിക വിദ്യാഭാസവും കുട്ടികൾക്ക് പകർന്നു നൽകണം. എങ്കിൽ മാത്രമെ പ്രണയത്തിലായാലും, മറ്റെന്തിലായാലും തനിക്ക് വേണ്ടാത്തിടത്ത് “നോ” പറയാനുള്ള ആർജവം,
വരുന്ന തലമുറയ്ക്കുണ്ടാവുകയുള്ളു. മൊബൈൽ ഫോണുകളും, സാമൂഹിക മാധ്യമങ്ങളും വിലക്കുന്നതിനു പകരം അവയുടെ നല്ല വശങ്ങളെയും, ചീത്ത വശങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്.
പ്രണയിതാക്കൾക്കിടയിലുള്ള ആത്മബന്ധം അഥവാ ഇൻ്റിമസി വളരെ കൂടുതലാണ്. അതിനാൽ തന്നെ, പ്രണയത്തിൽ പാതി വഴിയിൽ ഒഴിവാക്കപ്പെട്ടുന്നത് വേദനാജനകം തന്നെയാണ്. പെട്ടെന്നുള്ള നഷ്ടപ്പെടൽ ചിലപ്പോൾ മാനസിക നിലയെ തന്നെ താളം തെറ്റിക്കുകയും ലഹരിക്ക് അടിമപ്പെടുകയും ചെയ്യുന്ന വാർത്തകൾ നമുക്ക് സുപരിചിതമാണ്. മനസിനെ സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ രക്ഷിതാക്കളുടെയും
സുഹൃത്തുക്കളുടെയും സഹായം തേടുകയും, ഒപ്പം വിദഗ്ദ കൗൺസിലിംഗ് സ്വീകരിക്കുന്നതും മനസ്സിനെ പൂർവ്വസ്ഥിതിയിലെത്തിക്കുന്നതി ൽ മുഖ്യ പങ്ക് വഹിക്കുന്നു. പ്രണയ ജീവിതത്തിൽ പാകപ്പിഴകൾ കണ്ടു തുടങ്ങുമ്പോൾ തന്നെ പരസ്പരം ചർച്ച ചെയ്തു ഒരു തീരുമാനത്തിൽ എത്താൻ പുത്തൻ തലമുറ പഠിക്കുക തന്നെ വേണം.
പ്രണയത്തിൻ്റെ ഭാവം തന്നെ മാറിയെങ്കിലും ഓർക്കുക ഈ വരികളെ, വല്ലപ്പോഴും….
”ചൂടാതെ പോയ് നീ, നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ…” – (ആനന്ദധാര)
പരസ്പരം കുത്തിനോവിക്കാതെയും തുല്യതയോടെയും ബഹുമാനത്തോടെയും വിശ്വാസത്തോടെയും ആദരവോടെയും ഇനിയുള്ള പ്രണയങ്ങൾ പൂവിടട്ടെ…
Discussion about this post