ചൈന: വിവാഹദിനത്തിൽ മരുമകൾക്ക് സമ്മാനമായി നൽകാൻ വാങ്ങിയ ഒരുകോടിയിലധികം വിലയുള്ള മോതിരം അമ്മായിഅച്ഛൻറെ കയ്യിൽ നിന്നും ഓടയിൽ വീണു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്ഡോങ്ങിൽ ആണ് സംഭവം. മോതിരത്തിന്റെ വില ഒരു മില്യൺ യുവാൻ (1,16,38,711 രൂപ) ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജനലിലൂടെ പുറത്തേക്ക് പിടിച്ച് ഫോട്ടോ എടുക്കുന്നതിനിടയിലാണ് മോതിരം അബദ്ധത്തിൽ താഴെയുള്ള ഓവുചാലിലേക്ക് വീണത്. ഒമ്പത് നിലകൾ താഴെയുള്ള ഡ്രെയിനേജ് കുഴിയിലേക്കാണ് മോതിരം വീണത്.
മോതിരം നഷ്ടമായ ഉടൻതന്നെ വീട്ടുകാരും ബന്ധുക്കളും തിരച്ചിലായി. തിരയുന്നതിന് വേണ്ടി പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. ഒടുവിൽ, മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ നാലാം ദിവസം മോതിരം കണ്ടെത്തി. പ്രതിദിനം ആറായിരം രൂപയോളം പ്രതിഫലം നൽകിയാണ് പ്രത്യേക തിരച്ചിൽസംഘത്തെ മോതിരം തിരയുന്നതിനായി നിയോഗിച്ചിരുന്നത്. മാലിന്യക്കൂമ്പാരങ്ങളുള്ള ഓടയിൽ നിന്ന് മോതിരം തിരഞ്ഞു കണ്ടെത്തുക എന്നത് തീർത്തും ദുഷ്കരമായ ജോലിയായിരുന്നു എന്ന് തിരച്ചിലിന് നേതൃത്വം നൽകിയ ഗ്വാങ്ഡോങ്ങിലെ ഫാൻ എന്ന തിരച്ചിൽ സംഘത്തിലെ ആളുകൾ വ്യക്തമാക്കി. എങ്കിലും ഒടുവിൽ മോതിരം കണ്ടെത്താൻ സാധിച്ചത് അഭിമാനകരമായി കരുതുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പച്ച ജഡൈറ്റും വജ്രങ്ങളും അടങ്ങിയതാണ് ഈ മോതിരം. നഷ്ടപ്പെട്ട മൂന്ന് ദിവസത്തിന് ശേഷമാണ് മോതിരം കണ്ടെത്തിയതെങ്കിലും യാതൊരുവിധത്തിലുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ലായിരുന്നുവെന്ന് തിരച്ചിൽ സംഘാംഗങ്ങൾ പറഞ്ഞു.
ചൈനയിലെ നിയോലിത്തിക്ക് കാലഘട്ടം മുതൽ ജെയ്ഡ് ആഭരണങ്ങളിൽ ഉപയോഗിച്ചിരുന്നു. പുരാതന കാലത്ത് ആളുകൾ ഈ കല്ല്, ദൈവത്തെ പ്രതിനിധീകരിക്കുന്ന ഒരു വിശുദ്ധ ചിഹ്നമായി അംഗീകരിച്ചിരുന്നു. പച്ചക്കളറിലുള്ള ഈ കല്ലിൽ തീർത്ത ആഭരണങ്ങൾക്ക് ഇന്നും ചൈനയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്.
Discussion about this post