പയ്യോളി: പേരാമ്പ്ര റോഡിലെ സ്വകാര്യ ലാബിൽ അതിക്രമിച്ച് കയറി ഉടമയെയും ലാബ് ജീവനക്കാരികളെയും ആക്രമിച്ച് പരുക്കേൽപ്പിച്ചു. ലാബിന് നാശ നഷ്ടങ്ങൾ വരുത്തി. ലാബ് ഉടമ മൂരാട് പടിഞ്ഞാറെ തുരുത്തിയിൽ പി ടി വിനോദ് (54), ജീവനക്കാരികളായ സൗദ (34), ആതിര (32) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് ആക്രമണം.
ഇന്ന് ഉച്ചയോടെ നാലിലധികം പേരടങ്ങുന്ന സംഘം ലാബിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നു. ലാബിനോട് ചേർന്ന ഡോക്ടറുടെ കൺസൾട്ടിങ്ങ് റൂമിലിട്ടും എക്സ് റേ റൂമിലിട്ടും ക്രൂരമായ മർദ്ദനത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് വിനോദ് പറയുന്നു. മർദ്ദനം തടയാനെത്തിയ ലാബ് ജീവനക്കാരികൾക്ക് നേരെയും സംഘം അക്രമണമഴിച്ചുമിട്ടു. ഒരു മണിക്കൂറോളം സംഘർഷം നീണ്ടു. ലാബിലും മറ്റും കയറി നാശനഷ്ടങ്ങൾ വരുത്തിയതായും ലാബിന് പുറത്തെ ഗ്ലാസ് അടിച്ചു തകർത്തതായും ഉടമ പറഞ്ഞു.
ഒടുവിൽ പരിസരത്തുള്ളവരും പയ്യോളി പോലീസും സ്ഥലത്തെത്തി ഇരുവിഭാഗത്തേയും മാറ്റി സംഘർഷത്തിന് അയവു വരുത്തുകയായിരുന്നു. വിനോദിന്റെ പരുക്ക് സാരമുള്ളതാണെന്നാണ് അറിയുന്നത്. ഇദ്ദേഹത്തെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






































Discussion about this post