തിരുവനന്തപുരം : സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. സ്ഥിരമായി പണമിടപാട് നടത്തുന്ന സ്ഥാപനങ്ങളിലെ കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്.
വിശ്വസ്തരായ ഇവരുടെ അക്കൗണ്ടിൽ നിന്ന് ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ്’ എന്ന പേരിൽ ഒരു ഫയൽ വാട്‌സ്ആപ്പിലേക്ക് വരും. ബിസിനസ് സ്ഥാപനങ്ങളുടെ അക്കൗണ്ട്സ് വിഭാഗത്തിലേക്ക് .vbs പോലുള്ള അപകടകരമായ എക്സ്റ്റൻഷനുകളുള്ള സ്ക്രിപ്റ്റ് ഫയലുകളാണ് ഇങ്ങനെ അയക്കുന്നത്. ഈ ഫയലുകൾ ഓപ്പൺ ചെയ്യുന്നതോടെ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം പൂർണ്ണമായും തട്ടിപ്പുകാർ കൈക്കലാക്കും.
തട്ടിപ്പ് നടക്കുന്നത് എങ്ങനെ?
ഫയൽ തുറക്കുന്നതോടെ കമ്പ്യൂട്ടറിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ആകുകയും ബ്രൗസറുകളിൽ സേവ് ചെയ്തിട്ടുള്ള പാസ്‌വേർഡുകളും സാമ്പത്തിക വിവരങ്ങളും തട്ടിപ്പുകാർ ചോർത്തുകയും ചെയ്യും.
തുടർന്ന് സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ കൈക്കലാക്കി, അവരുടെ പേരിൽ വ്യാജ ചാറ്റുകൾ ഉണ്ടാക്കും. അടിയന്തരമായി പണം ട്രാൻസ്ഫർ ചെയ്യാൻ കീഴ്ജീവനക്കാരോട് ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളിൽ നിന്ന് ലിസ്റ്റിലുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകളിലേക്ക് ഈ വ്യാജ ഫയലുകൾ തനിയെ അയക്കപ്പെടുകയും ചെയ്യും.
എങ്ങനെ രക്ഷപ്പെടാം? മുൻകരുതലുകൾ
വാട്‌സ്ആപ്പ് വഴി അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളോ ഫയലുകളോ വന്നാൽ, അത് തുറക്കുന്നതിന് മുൻപ് അയച്ചയാളെ നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തുക.
പരിചിതമല്ലാത്ത ലിങ്കുകളോ സംശയകരമായ എക്സ്റ്റൻഷനുകളോ ഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്. വാട്‌സ്‌ആപ്പ് സന്ദേശങ്ങൾ മാത്രം വിശ്വസിച്ച് പണം കൈമാറരുത്. ഫോൺ വഴിയോ നേരിട്ടോ ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം മാത്രം പണം അയക്കുക.
കമ്പ്യൂട്ടറിൽ മാൽവെയർ കയറിയെന്ന് സംശയം തോന്നിയാൽ അടിയന്തരമായി വൈഫൈയോ ലാൻ കേബിളോ വേർപെടുത്തി ഇന്റർനെറ്റ് കണക്ഷൻ പൂർണ്ണമായും വിച്ഛേദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ ഫയലുകൾ പരിശോധിക്കാനായി മറ്റ് കമ്പ്യൂട്ടറുകളിലേക്കോ ഫോണുകളിലേക്കോ ഫോർവേഡ് ചെയ്യരുത്.
തട്ടിപ്പിനിരയായാൽ എത്രയും വേഗം സൈബർ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതി രജിസ്റ്റർ ചെയ്യുക.





































Discussion about this post