പയ്യോളി: നഗരസഭയും ‘പരിസ്ഥിതി പയ്യോളി’യും ചേർന്ന് വിവിധ സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ ആലോചനായോഗം സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ എൻ സാഹിറ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പയ്യോളി പ്രസിഡൻ്റ് വടയക്കണ്ടി നാരായണൻ ‘ഹരിത ഭവനം’ ക്ലാസ് നയിച്ചു.
ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി, സ്ഥിരം സമിതി അധ്യക്ഷരായ കെ ടി സിന്ധു, പി കുഞ്ഞാമു, പി എം ഹൈറുന്നിസ, വിവിധ സംഘടന പ്രതിനിധികളായ കെ ജയകൃഷ്ണൻ, പി എം അഷ്റഫ്, എം സി ബഷീർ, മത്സ്യൻ പുനത്തിൽ, പി പി മോഹൻദാസ്, കെ ശശിധരൻ, പി വി അഹമ്മദ്, കെ എം ഷമീർ, പി പി രമ്യ, വിജയൻ പെരിങ്ങാട് പ്രസംഗിച്ചു. നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി -മാധ്യമ -സി ഡി എസ് -ഹരിത കർമ്മ സേന പ്രതിനിധികൾ പങ്കെടുത്തു.
കൺവെൻഷൻ, ശില്പശാല, കലാ സാഹിത്യ ശില്പശാല:
ജൂലൈ 14ന് ജനകീയ കൺവെൻഷനും 16ന് റിസോഴ്സ് വ്യക്തികൾക്കുള്ള ശില്പശാലയും 18ന് കലാസാഹിത്യ ശില്പശാലയും നടക്കും.
എന്താണ് ‘ഹരിത ഭവനം’?
മാലിന്യ സംസ്കരണം, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ സ്വയം പര്യാപ്തമായ ഘടകങ്ങളാക്കി നഗരസഭയിലെ മുഴുവൻ വീടുകളെയും മാറ്റുകയാണ് ചെയ്യുക.
മാലിന്യ സംസ്കരണത്തിനായി രണ്ട് പെട്ടികൾ വച്ച് ഒന്നിൽ മണ്ണിൽ അലിയുന്നവയും മറ്റേതിൽ മണ്ണിൽ അലിയാത്തയും ശേഖരിച്ച് മണ്ണിലലിയുന്നവ മണ്ണിലേക്ക് അയക്കുകയും മണ്ണിൽ അലിയാത്തവ ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യണം.
ഊർജ്ജ സംരക്ഷണത്തിനായി ഒരു സ്വിച്ച് പോലും അനാവശ്യമായി ഓൺ ചെയ്തു വെക്കുന്നില്ല എന്ന് ഉറപ്പുവരുത്തും. ജല സംരക്ഷണത്തിനായി ഒരു തുള്ളി വെള്ളം പോലും പാഴാകുന്നില്ല എന്നും ഉറപ്പുവരുത്തും. ഭക്ഷ്യ സുരക്ഷയ്ക്കായി വീടിനു ചുറ്റും പരമാവധി കൃഷി ചെയ്യും.
മാലിന്യ ശേഖരണത്തിനായി പെട്ടികൾ വച്ചാൽ പെട്ടിക്ക് സമീപം കുടുംബാംഗങ്ങൾ നിന്നുകൊണ്ട് ഒരു ഫോട്ടോയെടുത്ത് വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യണം. അപ്പോൾ തന്നെ ഒരു സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഓരോ മൂന്നു മാസത്തിലും അതുവരെ ഹരിത കർമ്മ സേനക്ക് മാലിന്യങ്ങൾ നൽകിയതിന്റെ റസീറ്റുകൾ ഒരുമിച്ച് വച്ച് സ്കാൻ ചെയ്ത് വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യണം. മൂന്നാം മാസം അപ്‌ലോഡ് ചെയ്യുമ്പോൾ സർട്ടിഫിക്കറ്റ് സിൽവർ ആയും ആറാം മാസത്തിൽ ഗോൾഡൻ ആയും ഒൻപതാം മാസത്തിൽ ഡയമണ്ട് ആയും പന്ത്രണ്ടാം മാസത്തിൽ പ്ലാറ്റിനം ആയും മാറും. ഇങ്ങനെ ഒരു വർഷം നീണ്ടുനിൽക്കുന്ന തുടർ പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്.



































Discussion about this post