കോഴിക്കോട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ രാമനാട്ടുകര സ്വദേശിക്കും ഭാര്യയ്ക്കും ഒരു കോടിയോളം രൂപ നഷ്ടപ്പെട്ട കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കാസർകോട് കുമ്പള അരീക്കാടി സ്വദേശിയായ അബ്ദുൽ റംഷീദിനെയാണ് വിശദമായ ചോദ്യംചെയ്യലിനായി കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് കോടതി അനുമതിയോടെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പരാതിക്കാരനെ ബന്ധപ്പെട്ട്, പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച് ഓൺലൈൻ ഷെയർ മാർക്കറ്റ് പ്ലാറ്റ് ഫോമുകളിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. ഒരുകോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യിച്ച് തട്ടിയെടുത്ത കേസിൽ, പ്രതി തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണിയായി പ്രവർത്തിച്ചുവെന്നാണ് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ പങ്കാളിത്തം വ്യക്തമായിരുന്നു. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രതിയെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും പരിശോധനയിൽ ഇയാളുടെ കൈവശം സ്വർണം കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെ പങ്കാളിത്തം, പണം കൈമാറ്റം ചെയ്ത ശൃംഖല, ഡിജിറ്റൽ തെളിവുകൾ, മറ്റ് ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം എന്നിവ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.




































Discussion about this post