കോഴിക്കോട്: അമ്പതിലധികം മോഷണ കേസുകളിൽ പ്രതിയും കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവുമായ കർണാടക സ്വദേശി പിടിയിൽ. കർണ്ണാടകയിലെ ഷിമോഗ കൊപ്പ സ്വദേശി ഡോളർ അനി എന്നറിയപ്പെടുന്ന അനിൽകുമാര്‍ (38) നെ തമിഴ്നാട്ടിൽ വെച്ച് അതിസാഹസികമായാണ് പിടികൂടിയത്. ഇയാളുടെ കൂട്ടുപ്രതി താമരശ്ശേരി അമ്പായത്തോട് സ്വദേശി താനിക്കല്‍ വീട്ടില്‍ ജയിംസും (57) പിടിയിലായി.
കഴിഞ്ഞ മാസം ഇരുത്തിനാലിനാണ് സൈബർ ഫോറൻസിക് വിദഗ്ദൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ പ്രതി കവർച്ച നടത്തിയത്. വീട്ടുകാര്‍ അതിരാവിലെ വീട് പൂട്ടി യാത്ര പോയ സമയത്തായിരുന്നു പ്രതി മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന് ഇരുപത് പവനോളം സ്വർണ്ണം കവർന്നത്. നടക്കാവ് പോലീസ് കേസ് രജിസ്റ്റർചെയ്യ്ത് അന്വേഷണം ആരംഭിക്കുകയും, സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നും, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും കവർച്ച നടത്തിയത് അനിൽകുമാറാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഉടൻ തന്നെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം വിവിധ സംഘങ്ങളായി കർണ്ണാടകയിലും, തമിഴ്നാട്ടിലും ഇയാളെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതി അലഞ്ഞുതിരിഞ്ഞു നടന്ന് മോഷണം നടത്തുന്നവനായതിനാൽ പിടികൂടുകയെന്നത് പോലീസിന് ശ്രമകരമായ ദൗത്യമാവുകയിരുന്നു. പിന്നീട് നിരവധി പേരെ ചോദ്യം ചെയ്തും, നിരവധി കോൾ രേഖകൾ പരിശോധിച്ചും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ നിന്നും പ്രതി തേനി ഭാഗത്തുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. ആ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിൽ കമ്പത്തുള്ള ഒരു കോളനിയിൽ ഇയാൾ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. എന്നാൽ കേരളാ പോലീസ് അവിടെ എത്തുമ്പോഴേക്കും മറ്റൊരു അടിപിടി കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് ഇയാളെ അന്വേഷിച്ചതിനാൽ അയാൾ അവിടെ നിന്നും തേനിയിലേക്ക് കടക്കുകയുമായിരുന്നു. പിന്നാലെ പിന്തുടർന്ന പോലീസ് തേനി ടൗണിൽ നിന്നാണ് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുക്കുന്നത്.
പിടികൂടുമ്പോൾ അവിടെ നിന്നും പരിചയപ്പെട്ട ഒരാളുമായി കോയമ്പത്തൂരിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നിയാൾ. ഇയാളെ പിടി കൂടിയതിലൂടെ ഈ കേസിന് പുറമെ മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ പെട്ട കുറ്റിക്കാട്ടൂർ, മാത്തോട്ടുതാഴം, വയനാട് കല്പറ്റയിലെ വീട് മോഷണം തുടങ്ങി എട്ടോളം കേസുകൾക്ക് തുമ്പുണ്ടായി. പ്രതിയെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നും മോഷ്ടിച്ച സ്വർണ്ണം വിൽപ്പന നടത്തുവാൻ സഹായിച്ച ജെയിംസിനെ അമ്പായത്തോട് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുപ്പതിലധികം ഭവനഭേദന കേസുകളിൽ പ്രതിയായ ജയിംസ് നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്. സ്വർണ്ണം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിനും, ചൂതാട്ടത്തിനും, മറ്റു ക്രിമിനലുകൾക്ക് യഥേഷ്ടം മദ്യവും മറ്റു ലഹരികളും വാങ്ങിനൽകുന്നതിനുമായി പണം ചിലവഴിക്കലാണ് ഇയാളുടെ രീതി.
ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ൻ്റെ നിർദ്ദേശപ്രകാരം ഡി സി പി പദംസിംഗ് ൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ എ സി പി കെ വി പ്രമോദൻ ൻ്റെ നേതൃത്വത്തിൽ നടക്കാവ് സി ഐ ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.
നടക്കാവ് എസ് ഐ സി പി ലിനേഷ്, കിരണ്‍, എസ് സി പി ഒ പി പി രജീഷ്, അജീഷ് പിലാശ്ശേരി, സാജിക്, സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ എസ് ഐ അബ്‌ദുഹ്മാൻ, എ എസ് ഐമാരായ ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, സൈബര്‍ വിദഗ്ദര്‍ ഭാഗ്യദാസ്, പ്രജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


































Discussion about this post