കൊയിലാണ്ടി: ഹർത്താൽ ദിനത്തിൽ തുറന്ന കടയടപ്പിക്കാനെത്തിയ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റിനെ പോലീസ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്തു. വി ടി സുരേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്തുള്ള സൂപ്പർ മാർക്കറ്റ് തുറന്നതായുള്ള വിവരം അറിഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകരേയും കൂട്ടി സൂപ്പർമാർക്കറ്റ് മാനേജരെ കണ്ട് ഹർത്താൽ ആണെന്നും സ്ഥാപനം അടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ സി ഐയുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസ് അവിടെ ഓടിയെത്തി ഇവരെ വിരട്ടി ഓടിച്ചതായി പറയുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഒടി രക്ഷപ്പെട്ടെങ്കിലും സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്, കരുതൽ തടങ്കലിൻ്റെ ഭാഗമായി ഇയാളെ പേലീസ് സ്റ്റേഷനിൽ എത്തിക്കുകയും വൈദ്യ പരിശോധനയ്ക്കായി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
പരിശോധനക്കിടെ സുരേന്ദ്രന് ഹൈ ബി പി ഉണ്ടെന്നും, ഇ സി ജി പരിശോധനയിൽ വേരിയേഷൻ കണ്ടെത്തുകയുമായിരുന്നു. പിന്നീട്, സുരേന്ദ്രനെ പോലീസ് തന്നെ അടിന്തരമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രജീഷ് വെങ്ങളത്തുകണ്ടി പ്രതിഷേധിച്ചു. അകാരണമായി ലാത്തിവീശി ഭീകരാന്തരീക്ഷം ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ദളിത് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും രജീഷ് പറഞ്ഞു.


































Discussion about this post