പയ്യോളി: ശ്രീരാമാനന്ദ ഗുരുവിൻ്റെ പാദസ്പർശമേറ്റ് പരിപാവനമായ, ഉത്തര മലബാറിലെ പ്രശസ്തമായ ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഇന്ന് കൊടിയേറി. മണ്ണൂർ രാമാനന്ദ സ്വാമികളുടെ ശിഷ്യരുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാജേഷ് തന്ത്രി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഒഴുകിയെത്തിയ ഭക്തജനങ്ങളുടെ കണ്ഠങ്ങളിൽ നിന്നുമുയർന്ന നാമജപങ്ങളും കീർത്തനങ്ങളും മുഖരിതമാക്കിയ ഭക്തി നിർഭരമായ അന്തരീക്ഷത്തിലാണ് ഉത്സവത്തിന് തൃക്കൊടിയേറിയത്.
ഇന്നാരംഭിക്കുന്ന ഉത്സവം ഫെബ്രുവരി അഞ്ചുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
ഉത്സവ ദിവസങ്ങളിൽ ദിവസേന കാലത്ത് 5 ന് ഗണപതിഹോമം, 6 30ന് പ്രഭാത പൂജ, 8 ന് നവകം, പഞ്ചഗവ്യം, അഭിഷേകം, ശ്രീഭൂതബലി, 10 ന് മധ്യാഹ്ന പൂജ
30ന് വൈകീട്ട് 4. 30ന് കോട്ടക്കൽ ശ്രീ നാരായണ ഭജന സമിതിയുടെ ഭജനയും ദീപാരാധനക്ക് ശേഷം 6. 40 ന് സപ്തസ്വര വടകര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ എന്നിവ അരങ്ങേറും.
31ന് 4. 30 ന് ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ മഹിള ഭക്ത സമിതിയുടെ ഭജന, 6. 40 ന് കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ കണ്ണൂരിൻ്റെ ആധ്യാത്മിക പ്രഭാഷണം,
ഫെബ്രുവരി ഒന്നിന് 4.30ന് ഇരിങ്ങൽ ശിവ ഭജന സമിതിയുടെ ഭജന, 6. 40ന് നൂറിൽപരം വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന മെഗാ തിരുവാതിര,
ഫെബ്രുവരി 2 ന് 4. 30ന് ഇരിങ്ങൽ ഭജഗോവിന്ദം ഭജന സമിതിയുടെ ഭജന, 6. 40ന് പ്രാദേശിക കലാകാരന്മാരുടെ നൃത്ത സന്ധ്യ, രാത്രി 8 ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയുഷ് എം നമ്പൂതിരിപ്പാടിന്റെ പ്രഭാഷണം എന്നിവ നടക്കും.
തുടർന്ന് പാഠ്യ പാഠ്യേതര രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച ഇരിങ്ങൽ എസ് എസ് യു പി സ്കൂളിനും ഇരിങ്ങൽ എൽപി സ്കൂളിനും ഉള്ള ഉപഹാര സമർപ്പണവും, 1971 ലെ ഇന്ത്യ പാക്ക് യുദ്ധത്തിൽ പങ്കെടുത്തതിന് ഈയിടെ ഇന്ത്യൻ കരസേനയുടെ പ്രശംസാപത്രം ലഭിച്ച ക്ഷേത്രം ഓഫീസ് ജീവനക്കാരൻ അശോകൻ കരുവാത്തിന് ആദരവും നടക്കും.
3 ന് വൈകുന്നേരം 5 ന് ഭഗവതി സേവ, 5. 30ന് കാഴ്ച ശീവേലി, രാത്രി 7. 30ന് ഫ്ലവേഴ്സ് ടോപ് സിംഗർ വിന്നർ ശ്രീനന്ദ് വിനോദ് നയിക്കുന്ന കണ്ണൂർ സ്റ്റാർ വോയ്സ് ഓർക്കസ്ട്രയുടെ ‘ഗാനോത്സവ് – 2K23’,
4 ന് പള്ളിവേട്ട ദിവസം വൈകീട്ട് 4 ന് എൻ കെ സി പണിക്കർ ആൻ്റ് പാർട്ടിയുടെ തായമ്പക, 5 ന് കുട്ടോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം ഭജന സമിതിയുടെ ഭജന, 5. 15ന് മങ്ങൂൽപ്പാറ നിവാസികളുടെ കാവടി വരവും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആഘോഷ വരവുകളും, രാത്രി 7 ന് അത്താഴ പൂജ, ശ്രീഭൂതബലി, പള്ളിവേട്ട എഴുന്നള്ളത്ത്, പള്ളിവേട്ട തിരിച്ച് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിയതിനു ശേഷം ശയ്യാ പൂജയും പള്ളി നിദ്രയും നടക്കും.
5 ന് തൈപ്പൂയ്യ പുണ്യദിനത്തിൽ ഉച്ചയ്ക്ക് 12 മണി മുതൽ രണ്ടു മണിവരെ ആറാട്ട് സദ്യ, വൈകുന്നേരം 4 ന് നിത്യാനന്ദ ചെണ്ട വാദ്യം തോലേരി അവതരിപ്പിക്കുന്ന പഞ്ചാരിമേളം, വൈകീട്ട് 6 ന് ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നും പുറപ്പെടും കൊളാവിപ്പാലം സമുദ്രത്തിൽ ഭഗവാന്റെ കുളിച്ചാറാട്ടിനു ശേഷം ശ്രീനാരായണ ഗുരുപീഠം, കോട്ടക്കൽ ബീച്ച് റോഡ് വഴി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവ ആഘോഷത്തിന് കൊടിയിറങ്ങും.
Discussion about this post