പയ്യോളി: ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ നിമിഷം കൊളാവിപ്പാലം തീരത്തെത്തി. കടലാമകളുടെ സംരക്ഷണ കേന്ദ്രമായ കൊളാവിപ്പാലത്ത് ഈ സീസണിലെ ആദ്യ ബാച്ച് കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. ഹാച്ചറിയിൽ വിരിഞ്ഞ 91 കുഞ്ഞുങ്ങളെയാണ് വനം വകുപ്പിന്റെയും ‘തീരം’ പ്രവർത്തകരുടെയും നേതൃത്വത്തിൽ കടലിലേക്ക് ഒഴുക്കിവിട്ടത്.
അതിജീവനത്തിന്റെ നാൾവഴി
കഴിഞ്ഞ ഫെബ്രുവരി 21-നാണ് ഈ അതിജീവന കഥയുടെ തുടക്കം. പ്രഭാത നടത്തത്തിനിടെ പയ്യോളി ബീച്ചിലെ പുളി വളപ്പിൽ ആനന്ദിനും മകൻ ശ്രീനന്ദിനുമാണ് 116 കടലാമ മുട്ടകൾ ലഭിച്ചത്. ഉത്തരവാദിത്തമുള്ള പൗരന്മാർ എന്ന നിലയിൽ ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് ‘തീരം’ പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ എത്തി മുട്ടകൾ ശേഖരിക്കുകയും കൊളാവിപ്പാലം ഹാച്ചറിയിൽ ശാസ്ത്രീയമായി സംരക്ഷിക്കുകയും ചെയ്തു. മണൽപ്പരപ്പിലെ കൃത്രിമമായ കുഴികളിൽ നിക്ഷേപിച്ച മുട്ടകൾ 50-ഓളം ദിവസങ്ങൾക്ക് ശേഷമാണ് സൂര്യപ്രകാശത്തിന്റെ ഊഷ്മളതയിൽ വിരിഞ്ഞത്.
യാത്രയാക്കാൻ ഒരു നാട്
ഒലീവ് റിഡ്ലി ഇനത്തിൽപെട്ട കടലാമ കുഞ്ഞുങ്ങളുടെ കടലാഴം തേടിയുള്ള യാത്ര ഒരു നാടിന്റെ തന്നെ ആഘോഷമായി മാറി. പയ്യോളി നഗരസഭ ചെയർപേഴ്‌സൺ എൻ സാഹിറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേവലം ഒരു ചടങ്ങ് എന്നതിലുപരി, വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള വലിയൊരു സന്ദേശം കൂടി ഈ ചടങ്ങ് മുന്നോട്ടുവെച്ചു.
സി എം എഫ് ആർ ഐ സീനിയർ സയന്റിസ്റ്റ് ഡോ. ജി വൈശാഖ് കടലാമ സംരക്ഷണം നേരിടുന്ന ആധുനിക വെല്ലുവിളികളെക്കുറിച്ച് പ്രഭാഷണം നടത്തി. നഗരസഭാംഗം ടി എം നിഷാ ഗിരീഷ്, തീരം സെക്രട്ടറി സി ദിനേശ് ബാബു, ഹരിത സംരക്ഷണ സമിതി പ്രസിഡന്റ് സി പി സതീശൻ, സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസർ അഖിൽ നാരായണൻ, മണലിൽ മോഹനൻ, എൻ കെ ഇബ്രാഹിം, പി ജലീഷ്, കെ അജിലാഷ്, കെ എസ് നിധിൻ, ശ്രീനാഥ് സി പി സജിത്ത് പ്രസംഗിച്ചു.
കൊളാവിപ്പാലത്തിന്റെ തീരത്തുനിന്ന് തിരമാലകളെ ലക്ഷ്യമാക്കി തുഴഞ്ഞകന്ന ഈ 91 കുഞ്ഞുങ്ങളും, കേരളത്തിന്റെ തീരദേശ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ അടയാളങ്ങളാണ്. കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ, വടകര സോഷ്യൽ ഫോറസ്റ്ററി റെയിഞ്ച് പരിധിയിലെ പയ്യോളി ഹരിത സമിതിയുടെ പരിചരണ പ്രദേശത്താണ് കൊളാവിപ്പാലം കടലാമ സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്.






































Discussion about this post