പയ്യോളി: കോൺഗ്രസ് നേതാവിൻ്റെ സിനിമാറ്റിക് ഡാൻസ് വീഡിയോ വൈറലായി. രാഷ്ട്രീയക്കാരന് പൊതുപ്രവർത്തനം മാത്രമല്ല, നൃത്തവും വഴങ്ങും എന്ന് തെളിയിക്കൂകയാണ് നൃത്തത്തിലെ ചടുല ചുവടുകളിലൂടെ സബീഷ് കുന്നങ്ങോത്തെന്ന കോൺഗ്രസ് നേതാവ്.
കുന്നങ്ങോത്ത് തറവാട്ടിലെ കുടുംബ സംഗമവേദിയിലാണ് സബീഷും ഭാര്യ സുഷമയും ചേർന്നുള്ള നൃത്തം അവതരിപ്പിച്ചത്.
വിഷ്ണുലോകം എന്ന ചിത്രത്തിലെ കൈതപ്രം രചിച്ച് രവീന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച് എം ജി ശ്രീകുമാറും സുജാത മോഹനും ആലപിച്ച ‘കസ്തൂരി എൻ്റെ കസ്തൂരീ അഴകിൻ ശിങ്കാരി കളിയാടാൻ വാ…’ എന്ന ഗാനത്തിനാണ് സബീഷും ഭാര്യയും ചുവട് വെച്ചത്. ചലച്ചിത്രത്തിൽ മോഹൻലാലും ഉർവശിയുമാണ് ഈ നൃത്തം അവിസ്മരണീയമാക്കിയത്.
”സ്കൂൾ കലോത്സവങ്ങളിലോ മറ്റു പരിപാടികളിലോ, കലാപരിപാടികളിലൊന്നിൽ പോലും പങ്കെടുത്ത ഓർമയില്ല. കുടുംബ കൂട്ടായ്മയല്ലേ, അവരും ധൈര്യം തന്നു.” എന്നാണ് ഇതേ കുറിച്ചന്വേഷിച്ചപ്പോൾ സബീഷ് കുന്നങ്ങോത്ത് പറഞ്ഞത്.
ഖാദി ശുഭ്രവസ്ത്രധാരിയായി എപ്പോഴും കാണപ്പെടുന്ന നേതാവിനെ നൃത്തവേഷത്തിൽ കണ്ടവർ അത്ഭുതം കൂറുകയായിരുന്നു.
പാൻ്റും കള്ളി ഷർട്ടും തലയിലൊരു കെട്ടും കഴുത്തിൽ ഷാളുമായാണ് പാട്ടിന് ചുവടുവെക്കുന്നത്. നൃത്തം കാണാനിടയായ ബിജിത്ത് പയ്യോളി പകർത്തിയ വീഡിയോ ആണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാമിലുമൊക്കെയായി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ കീഴടക്കി കറങ്ങുന്നത്. സബീഷ് കുന്നങ്ങോത്തിൻ്റെ ഭാര്യ സുഷമ വിദ്യാനികേതൻ പബ്ലിക് സ്കൂൾ അധ്യാപികയാണ്.
വൈറൽ വീഡിയോ, കാണാത്തവർക്കായി…
Discussion about this post