കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ മാതൃസഹോദരിയുടെ മകൾ നസ്രീനയെ കൊലപ്പെടുത്തിയ ശേഷം മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍ ഉപേക്ഷിച്ചത് പ്രതിയായ അദ്‌നാന്‍ തന്നെയാണെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫോണുകള്‍ കിണറ്റില്‍ ഉപേക്ഷിച്ചത് അദ്‌നാന്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത്.
നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദ്‌നാന്‍ വീടിന്റെ അടുക്കളഭാഗം വഴി പുറത്തിറങ്ങി ഫോണുകൾ കിണറ്റിലെറിയുകയായിരുന്നു. അടുക്കളവാതിലിന്റെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലം അദ്‌നാന് അറിയാമായിരുന്നു. താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറക്കുന്നതിന്റെ ശബ്ദം സിസിടിവിയില്‍ ഉണ്ട്.വീട്ടില്‍ കളളന്‍ കയറിയെന്ന സംശയത്തില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ നസ്രീനയെ വല്യുമ്മ സഫിയ വിളിച്ചിരുന്നു.
ഈ സമയം നസ്രീനയുടെ ഫോണ്‍ അദിനാന്റെ കയ്യിലായിരുന്നു. കോള്‍ എടുക്കാതായതോടെ നസ്രീനയുടെ ഉമ്മ റംസീനയും വിളിച്ചിരുന്നു. ഇതോടെയാണ് അദ്‌നാന്‍ പിന്‍വശത്തെ വാതില്‍ തുറന്ന് ഫോണ്‍ ഉപേക്ഷിച്ചത്. ശേഷം മുറിയിലെത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
ദിവസങ്ങൾ മുൻപ് നസ്രീനയുടെ രണ്ട് മൊബൈൽ ഫോണുകളും അദ്നാന്റെ ഫോണും വീട്ടിലെ കിണറ്റിൽ നിന്നും കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണുകൾ നശിപ്പിക്കാൻ ശ്രമിച്ചത് നസ്രീനയുടെ ബന്ധുക്കളാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധുക്കളെയും പൊലീസ് ചോദ്യംചെയ്തിരുന്നു.
സ്വഭാവദൂഷ്യത്തിന്റെ പേരിൽ അദ്നാന് മർദനമേറ്റിട്ടുണ്ടന്നും ബന്ധുക്കളുടെ മൊഴിയുണ്ടായിരുന്നു. അതിനിടെയാണ് ഫോണുകൾ നശിപ്പിക്കാൻ ശ്രമിച്ചത് അദ്നാൻ തന്നെയാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ശബ്ദങ്ങളും പുറത്തുവരുന്നത്.



































Discussion about this post