തുറയൂർ: തുറയൂരിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്ത ബാധ വ്യാപകമാവുന്നു. വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്ത ബാധയുണ്ടായത്. തുറയൂർ ഗ്രാമപഞ്ചായത്തിലെ 6, മേപ്പയ്യൂർ പഞ്ചായത്തിലെ 14, 15 വാർഡുകൾ, അരിക്കുളം എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്തത്.
അമ്പതോളം പേർക്ക് രോഗ ബാധയുണ്ടായതായാണ് വിവരം. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ 9 ന് നടന്ന വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്ത ബാധയുണ്ടായതെന്നാണ് കരുതുന്നത്.
150 ഓളം പേരാണ് തുറയൂർ കെ ആർ എം നഗറിന് സമീപമുള്ള വീട്ടിലെ വിവാഹ സത്കാരത്തിന് പങ്കെടുത്തതായി പറയുന്നത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്ത ബാധ.
തുറയൂരിൽ 20 ഓളവും മേപ്പയ്യൂരിൽ 20 ഉം അരിക്കുളത്ത് 4 ഉം രോഗബാധയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദിവസങ്ങൾ കഴിയുന്തോറും കേസുകളുടെ എണ്ണം കൂടി വരുന്നതായാണ് വിവരം. രോഗബാധയുണ്ടായവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
അതേസമയം, തുറയൂരിലെ ആരോഗ്യ വകുപ്പിൻ്റെ വീഴ്ചയാണ് രോഗബാധയ്ക്ക് കാരണമായതെന്ന് ആരോപണമുണ്ട്. വിവാഹങ്ങളോ മറ്റ് ചടങ്ങുകളോ നടക്കുന്നതിന് മുമ്പ് ആരോഗ്യ വകുപ്പ് ചെയ്യാറുള്ളത് പോലെ കുടിവെള്ള പരിശോധനയോ മറ്റോ നടത്തി സാക്ഷ്യപത്രം നൽകുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്.





































Discussion about this post