തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരി ഉപയോഗവും വിൽപനയും തടയുന്നതിന്‍റെ ഭാഗമായി തുടക്കംകുറിച്ച ഓപ്പറേഷൻ തൂഫാന്‍റെ മേൽനോട്ടത്തിന് സ്പെഷൽ ഓഫീസർ ഐജി പുട്ട വിമല ദീപ്തയെ ചുമതലപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന വ്യാപകമായി നടപടികൾ സ്വീകരിക്കുകയാണെന്നും വിവിധ ലഹരി വിൽപന ശൃംഖലകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾക്ക് മുന്നിലുള്ള പുകയില വിൽപന പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും വിൽക്കുന്നവരെ കർശനമായ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘വിദ്യാർത്ഥികളെ ഉന്നംവെച്ചാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നത്. ഇത്തരം നീക്കങ്ങളെ കർശനമായി എതിർക്കും. സാധ്യമായ നിലയിൽ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരും. സംസ്ഥാനത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന രണ്ട് വിദേശികളെ ഇന്ന് പിടികൂടുകയുണ്ടായി. നൈജീരിയൻ പൗരൻ സാമുവലിലെ ഡൽഹിയിൽ നിന്നും എൽസിന സന്താൻ സൂസൻ എന്ന വനിതയെ ബംഗ്ലൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.’
‘നാട്ടിൽ ലഹരി വ്യാപകമാകുന്നെന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്കും വിവരമറിയിക്കാം. തികച്ചും കോൺഫിഡൻഷ്യലായിരിക്കും ഇവരുടെ വിവരം. 949797 9794, 9497927797 എന്നീ രണ്ട് നമ്പറുകളിൽ വിളിച്ചറിയിക്കാം. 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലും രഹസ്യവിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം’. മന്ത്രി കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം നിരവധി പേരെയാണ് ഇന്ന് പൊലീസും എക്സൈസ് സംഘവും പിടികൂടിയത്. എറണാകുളം ഇടപ്പള്ളിയിൽ യുവതിയുൾപ്പെടെ മൂന്ന് പേർ എംഡിഎംഎയുമായി പൊലീസിന്‍റെ പിടിയിലായി. 110.73 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. തൃശൂർ സ്വദേശികളായ ലാറി ജോൺ, ഐവിൻ, കടമക്കുടി സ്വദേശി നിഖിൽ പീറ്റർ എന്നിവരാണ് പിടിയിലായത്. ലഹരി കടത്താൻ ഇവർ ഉപയോഗിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്തെ ലഹരി വിൽപന ശൃംഖലയിലെ മുഖ്യ ഇടനിലക്കാരിയെയും പൊലീസ് ഇന്ന് പിടികൂടിയിരുന്നു. കർണാടക സ്വദേശിനിയായ എൽസീന സനറ്റൻ സൂസയാണ് പൊലീസിന്‍റെ പിടിയിലായത്. ഉത്തര കന്നഡ ജില്ലയിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പ്രതിയെ പത്തനംതിട്ട വനിതാ സ്റ്റേഷനിലേക്കെത്തിച്ചു.
പത്തനംതിട്ട റാന്നിയിൽ വീട്ടിൽ സൂക്ഷിച്ച 43 ലിറ്റർ വിദേശമദ്യം പിടികൂടി. കൊല്ലമുള ചാത്തൻതറ സ്വദേശി നസീറാണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കോട്ടിൽ നിന്നാണ് 83 കുപ്പി മദ്യം കണ്ടെടുത്തത്.





































Discussion about this post