ചോദ്യപ്പേപ്പർ ചോർച്ചയിൽ രാജ്യത്തുടനീളം വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ മുംബയിൽ നടന്ന പ്രതിഷേധത്തിനിടെ ഒരു യുവതി പൊലീസ് വാൻ തടഞ്ഞ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സംരംഭകയും മോഡലുമായ റിയ അഹിർ എന്ന യുവതിയാണ് സിനിമാ സ്റ്റൈലിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തിയത്. ഇപ്പോഴിതാ സമാന രീതിയിലുള്ള സ്വന്തം ചിത്രം പങ്കുവച്ച് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നടി നവ്യ നായർ.
കൊൽക്കത്തയിൽ ഒരു പൊലീസ് വാഹനത്തെ തടയുന്ന ദൃശ്യമാണ് നടി പങ്കുവച്ചത്. പോസ്റ്റിന് പശ്ചാത്തല സംഗീതമായി വന്ദേ മാതരം നൽകിയിരുന്നു. എന്നാൽ പോസ്റ്റിന് മറ്റ് അടിക്കുറിപ്പുകളൊന്നും നൽകിയിരുന്നില്ല. കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തോടുള്ള പരോക്ഷ പിന്തുണയായാണ് പോസ്റ്റിനെ പലരും വിലയിരുത്തിയത്. പലരും അഭിനന്ദനവും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ കുറച്ച് സമയത്തിനുശേഷം താരം പോസ്റ്റ് നീക്കം ചെയ്തു. ഇതോടെ കടുത്ത വിമർശനമാണ് നവ്യക്കെതിരെ ഉയരുന്നത്. വിദ്യാർത്ഥി പ്രതിഷേധത്തിൽ നവ്യ മുൻപ് പ്രതികരിച്ചിരുന്നില്ല.
അതേസമയം, വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പൊലീസിനെ തടഞ്ഞ റിയ ഏറെ അഭിനന്ദങ്ങൾ ഏറ്റുവാങ്ങുകയാണ്. കോരിച്ചൊരിയുന്ന മഴയിലും പതറിമാറാതെയാണ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരുമായി പുറപ്പെട്ട പൊലീസ് വാഹനത്തിന് കുറുകെ റിയ കയറിനിന്നത്. ശേഷം ഒരു കൈകൊണ്ട് വാഹനത്തെ തടുത്തുനിർത്തി ആസാദിയെന്ന മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയ റിയയ്‌ക്കൊപ്പം ചുറ്റുമുണ്ടായിരുന്നവരും അണിനിരന്നതോടെ പൊലീസിന് പ്രതിഷേധക്കാരെ മോചിപ്പിക്കാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല.





































Discussion about this post