പയ്യോളി: സ്കൂളിൽ നിന്നും വിനോദ യാത്ര പോയ സംഘത്തിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. പയ്യോളി ഗവ. ഹൈസ്കൂളിൽ നിന്നും കൊടൈക്കനാലിലേക്ക് വിനോദ യാത്രയ്ക്ക് പോയ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മുപ്പതോളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് കരുതുന്നത്. യാത്രയുടെ അവസാന ദിനമായ ശനിയാഴ്ച ഇരുപതോളം കുട്ടികൾക്കാണ് കൊടൈക്കനാലിൽ അസ്വസ്ഥത അനുഭവപ്പെട്ടത്.
ഞായറാഴ്ച തിരിച്ചെത്തിയ സംഘത്തിലെ മറ്റ് ചില കുട്ടികൾക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്, ആശുപത്രിയിൽ ചികിൽസ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
വ്യാഴാഴ്ച വൈകീട്ട് സ്കൂളിൽ സ്കൂളിൽ നിന്നും സംഘടിപ്പിച്ച വിനോദ യാത്രാ സംഘത്തിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കാന്തല്ലൂർ, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനായി രണ്ട് ട്രാവൽസുകളുടെ 10 ബസ്സുകളിലാണ് 450 ഓളം വിദ്യാർഥികളും 35 ഓളം അധ്യാപകരുമായി യാത്ര പുറപ്പെട്ടത്.
ട്രാവൽസിന്റെ പാചകക്കാരൻ തയ്യാറാക്കുന്ന ഭക്ഷണമായിരുന്നു, യാത്രയിൽ വിളമ്പിയിരുന്നത്. ഇതിൽ ഒരു ട്രാവൽസിന്റെ ബസിലുണ്ടായിരുന്നവർക്കാണ് ബുദ്ധിമുട്ടനുഭവപ്പെട്ടത്. ശനിയാഴ്ച കൊടൈക്കനാലിൽ എത്തി ഉച്ച ഭക്ഷണത്തിന് ശേഷമാണ് വിദ്യാർഥികൾക്ക് അസ്വസ്ഥതയുണ്ടായത്. ചിക്കൻ കറിയും നെയ്ചോറുമായിരുന്നു കഴിച്ചതെന്നാണ് അറിയുന്നത്.
ഇരുപതോളം കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇതു കാരണം ഞായറാഴ്ച പുലർച്ചെ സ്കൂളിൽ തിരികെ എത്തേണ്ട സംഘം വൈകിയിരുന്നു. യാത്ര കഴിഞ്ഞ് വീടുകളിൽ തിരിച്ചെത്തിയ വിദ്യാർഥികളിൽ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രികളെ സമീപിക്കുകയായിരുന്നു.
മേലടി സി എച്ച് സി യിൽ വിദ്യാർഥികൾ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
അതേസമയം, എങ്ങിനെ വിഷബാധയുണ്ടായി എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. വിദ്യാർഥികളും അധ്യാപകരുമടക്കം 250 ഓളം പേർ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ചില വിദ്യാർഥികൾക്ക് മാത്രമാണ് പ്രയാസമുണ്ടായത്.





































Discussion about this post