വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും അമേരിക്കയുമായി ഒരു കരാറിന് തയ്യാറാണെന്ന് ഇറാൻ നിർദേശിച്ചതായി വിവരം. ആണവ പദ്ധതി സംബന്ധിച്ച ചർച്ച പിന്നീടാകാമെന്നും നിർദേശിച്ചിട്ടുണ്ട്. മധ്യസ്ഥരായ പാകിസ്താൻ വഴിയാണ് ഇത്തരമൊരു നിർദേശം ഇറാൻ കൈമാറിയതെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആണവ വിഷയത്തിൽ എന്ത് വിട്ടുവീഴ്ചകൾ ചെയ്യണമെന്ന കാര്യത്തിൽ ഇറാനിയൻ നേതൃത്വത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രശ്‌നം വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നീക്കമായിട്ടാണ് ഇറാന്റെ പുതിയ നിർദേശത്തെ കാണുന്നത്. എന്നാൽ ഇറാനുമേലുള്ള ഉപരോധം പിൻവലിക്കുന്നത് ഭാവി ചർച്ചകളിൽ സ്വാധീനം കുറയ്ക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നത് പ്രധാനമാണെന്നും യുഎസ് കരുതുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇറാനുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിന് ട്രംപ് തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായും വിദേശനയ ടീമിലെ അംഗങ്ങളുമായും ചർച്ച നടത്തുമെന്നാണ് അറിയുന്നത്. ഹോർമുസ് തുറക്കുക വഴി ആദ്യം ഉപരോധം നീക്കുക. ഒപ്പം വെടിനിർത്തൽ ദീർഘകാലത്തേക്ക് നീട്ടുകയോ അല്ലെങ്കിൽ ഇരു കക്ഷികളും യുദ്ധത്തിൽ നിന്ന് സ്ഥിരം വിടുതലിന് സമ്മതിക്കുകയോ ചെയ്യും. കടലിടുക്ക് തുറന്നതിന് ശേഷവും ഉപരോധം പിൻവലിച്ചതിന് ശേഷവും മാത്രമായിരിക്കും ആണവ ചർച്ചകൾ ആരംഭിക്കുക. എന്നാൽ ഈ നിർദേശം യുഎസ് പരിഗണിക്കുമോ എന്നത് വ്യക്തമല്ല. Advertisement



































Discussion about this post