പയ്യോളി: നഗരസഭ പരിധിയിലെ എല്ലാ വീട്ടുവളപ്പിലും ഓരോ ഫല വൃക്ഷത്തൈ എന്ന സന്ദേശത്തോടെ നടപ്പിലാക്കുന്ന ‘ഗ്രീനിങ്ങ് പയ്യോളി’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭാധ്യക്ഷയുടെ വീട്ടുവളപ്പിൽ അധ്യക്ഷ എൻ സാഹിറ അവക്കാഡോ തൈ ഏറ്റുവാങ്ങി നിർവഹിച്ചു.
പരിസ്ഥിതി പയ്യോളിയുടെ പ്രസിഡൻ്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. ട്രീ ബ്യൂട്ട് കോ -ഓർഡിനേറ്റർ എം റസീല പദ്ധതി വിശദീകരിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമു ഹരിത സന്ദേശം നൽകി. നഗരസഭാംഗങ്ങളായ ടി എം നിഷാ ഗിരീഷ്, എം ടി നിഹാൽ, പി വി നിതീഷ്, പരിസ്ഥിതി പയ്യോളിയുടെ സെക്രട്ടറി വിജയൻ പെരിങ്ങാട്, രാജൻ കൊളാവിപ്പാലം, എൻ കെ ശശി, അനിൽകുമാർ ഇരിങ്ങൽ മുസദ്ദിക്ക് പയ്യോളി, കെ പി വഹാബ്,
മുഹമ്മദ് റാഫി, സനീജ നൗഫൽ പ്രസംഗിച്ചു. പ്രദീപ് കണിയാരയ്ക്കൽ പരിസ്ഥിതി കവിത ആലപിച്ചു.
പയ്യോളി നഗരസഭയിലെ മുഴുവൻ വീടുകളിലും മാവ്, പ്ലാവ്, റമ്പൂട്ടാൻ, മാങ്കോസ്റ്റീൻ, അവക്കാഡോ, പേരക്ക, സപ്പോട്ട തുടങ്ങിയ നാടൻ ഫലവൃക്ഷ തൈകളാണ് നട്ടുവളർത്തി ഫല വൃക്ഷ സമൃദ്ധിയിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യം. സംഘാടകരുടെ സംഘം വീടുകളിലെത്തി കുഴിയെടുത്ത്, വൃക്ഷത്തൈ നട്ട്, മണ്ണുമൂടി, ആദ്യ നന നനച്ച് പോവുകയാണ് ചെയ്യുക. വീട്ടുടമ പിന്നീട് ആ തൈ നനച്ച് സംരക്ഷിച്ചാൽ മതി.
ഇങ്ങനെ ഒരു സംഘം ഒരു ദിവസം 30 മുതൽ 45 വരെ വീട്ടുവളപ്പുകളിൽ വൃക്ഷത്തൈകൾ നടും. തൈ നടുന്ന വീട്ടിലെ ഗൃഹനാഥനെ വൃക്ഷതൈയുടെ ഉടമയായും രണ്ട് കുടുംബാംഗങ്ങളെ സംരക്ഷകരായും കരുതി അവരുടെ ഫോൺ നമ്പറുകൾ ഇവർ ശേഖരിക്കും. ആവശ്യമായ ഫോളോ അപ്പ് നടത്തുകയും ചെയ്യും. ആദ്യദിവസം 40 വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു. വരും ദിവസങ്ങളിൽ ഒന്നിലേറെ സംഘങ്ങൾ ഇതിനായി പ്രവർത്തിക്കും.


































Discussion about this post