തിരുവനന്തപുരം: വർക്കല നാരായണഗുരുകുല അധ്യക്ഷനും പണ്ഡിതനുമായ ഗുരു മുനി നാരായണപ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.55 ഓടെയായിരുന്നു അന്ത്യം.
ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അതിന് മുമ്പ്, ഒരാഴ്ചയോളം ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
1938 ഡിസംബർ ഒമ്പതിനാണ് ഗുരു മുനി നാരായണപ്രസാദിൻ്റെ ജനനം. പൊതുമരാമത്ത് വകുപ്പിൽ സിവിൽ എഞ്ചിനീയറായിരിക്കെ 1963ലാണ് നാരായണ ഗുരുകുലത്തിൽ ചേരുന്നത്.
വർക്കലയിലെ ഗുരുകുലത്തിൽ ശ്രീനാരായണഗുരുവിൻ്റെ ശിഷ്യനായ നടരാജ ഗുരുവിന്റെ ശിഷ്യനായി.
1999ൽ നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുത്തു. അമേരിക്കയിലും യൂറോപ്പിലും ഏഷ്യൻ രാജ്യങ്ങളിലും പ്രഭാഷകനായും വിസിറ്റിംഗ് പ്രൊഫസറായും അദ്ദേഹം നിരന്തരം സഞ്ചരിച്ചിരുന്നു. ഇന്ത്യൻ തത്വശാസ്ത്രം, വേദാന്തം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 130 ലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പലതും ഹിന്ദിയിലേക്കും അസാമീസിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവായ ഗുരു മുനി നാരായണ പ്രസാദിനെ 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.



































Discussion about this post