വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം. അറസ്റ്റിന് പിന്നിൽ യുഡിഎഫ്-പൊലീസ്-മാധ്യമ ഗൂഢാലോചനയാണെന്ന് ആരോപിച്ച് സിപിഎം വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂറൽ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇതുവരെ യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ, ആദ്യമായാണ് പാർട്ടി തന്നെ നേരിട്ട് സമരം ഏറ്റെടുത്ത് തെരുവിലിറങ്ങുന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മെഹ്ബൂബ് ആണ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തത്. വടകര ഏരിയയിലെ പ്രധാന നേതാക്കളും നിരവധി പ്രവർത്തകരും മാർച്ചിൽ അണിനിരന്നു.
വിവാദ സ്‌ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്‌കർ ആണെന്ന് പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും നേതാക്കൾ ചോദിച്ചു. ഭരണമാറ്റത്തിന് പിന്നാലെ ഉന്നതരുടെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് പൊലീസ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നും സിപിഎം ആരോപിക്കുന്നു. എസ്പി ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് ഉയർത്തി മാർച്ച് തടഞ്ഞു.
T അതേസമയം, കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്‌കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജിതിന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോൺ കൂടുതൽ വിവരശേഖരണത്തിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങൾ ലഭ്യമാകൂ. വിവാദ സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇത് നിർമിച്ചത് ആരാണെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. മുൻപ് ഡിവൈഎഫ്ഐ നേതാവ് റിബേഷിലേക്ക് അന്വേഷണം നീങ്ങിയിരുന്നെങ്കിലും ഉറവിടം കണ്ടെത്താനാകാതെ അവസാനിപ്പിച്ചിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘം വന്ന ശേഷമാണ് കൃത്യമായ നടപടികളിലേക്കും അറസ്റ്റിലേക്കും കടന്നത്.


































Discussion about this post