പയ്യോളി: സാധാരണക്കാരായ ആളുകൾ ചികിത്സയ്ക്കും ആരോഗ്യ പരിപാലനത്തിനുമായി പ്രധാനമായും ആശ്രയിക്കുന്ന പയ്യോളി നഗരസഭ കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാസൗകര്യങ്ങൾ അടിയന്തരമായി വികസിപ്പിക്കണമെന്നും, വർധിച്ചുവരുന്ന വൃക്കരോഗികൾക്ക് ആശ്വാസമാകുന്ന വിധത്തിൽ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കണമെന്നും കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം ചടങ്ങിൽ എം എൽ എ അഡ്വ. കെ പ്രവീൺ കുമാറിന് നൽകിയ നിവേദനത്തിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്. കുഞ്ഞാലി മരക്കാർ സ്മാരകത്തോട് ചേർന്ന് മറൈൻ മ്യൂസിയം സ്ഥാപിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിക്കാൻ പരിശ്രമിച്ച നിയോജകമണ്ഡലം എം എൽ എ യെ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് വി എൻ അബ്ദുള്ള ഉപഹാരം നൽകി ആദരിച്ചു. മദ്രസ, സ്കൂൾ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും രക്തദാനരംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന മുദസ്സിറിനെയും ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭാധ്യക്ഷ എൻ സാഹിറ മുഖ്യപ്രഭാഷണം നടത്തി. സി പി സദക്കത്തുള്ള അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി ഹനീഫ, മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം സി മുഹമ്മദ് ബഷീർ, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പി കുഞ്ഞാമു, ഇരിങ്ങൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എൻ അനിൽകുമാർ, നഗര പി കെ സാബിറ, ശാഖ ലീഗ് ജനറൽ സെക്രട്ടറി അഷറഫ് മുനമ്പത്ത്, ശാഖ ലീഗ് ട്രഷറർ വി ടി റഹീം, നിയമത്തുള്ള കോട്ടക്കൽ, എൻ പി അബ്ദുൾ വഹാബ്, പി വി അബ്ദുൾ ലത്തീഫ്, പി പി അബ്ദുറഹ്മാൻ, ബി എം ഷംസുദ്ധീൻ പ്രസംഗിച്ചു. ബി എം ഷാഫി സ്വാഗതവും ഹാഷിൽ ഹിറ നന്ദിയും പറഞ്ഞു.





































Discussion about this post