കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജില്ലയിൽ 50 ബസുകൾ സർവീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. കെ.എസ്.ആർ.ടി.സിയിലെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര മൂലം സ്വകാര്യ ബസുടമകളെ കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടെന്ന് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് ആരോപിച്ചു. സർവീസ് അവസാനിപ്പിച്ച ബസുകൾ ആർ.ടി.ഒയിൽ ജി-ഫോം സമർപ്പിച്ചു.
വർദ്ധിച്ചുവരുന്ന ഡീസൽ വില,തൊഴിലാളികളുടെ കൂലി, യാത്രക്കാരുടെ കുറവ് തുടങ്ങിയ പ്രതിസന്ധികളാണ് നാട്ടിലെ മിക്ക ബസുടമകളും പ്രതിസന്ധിയിലേക്ക് വീഴാൻ കാരണം.ഇന്ധന ചിലവിനായി സ്വകാര്യ ബസുടമകൾ ദിവസവും നീക്കിവെക്കുന്നത് 8000 രൂപയോളമാണ്. എഴുപതു മുതൽ 80 ലിറ്ററോളം ഇന്ധനമാണ് ബസുകൾക്ക് വേണ്ടത്.
കൊവിഡ് കാലത്തേക്കാൾ രൂക്ഷമായ പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് ബസ് ജീവനക്കാർ പറയുന്നു. സൗജന്യ യാത്ര ആരംഭിച്ചതോടെ തൊഴിലാളികളുടെ വേതനത്തിനാവശ്യമായ തുക പോലും ലഭിക്കുന്നില്ലെന്നാണ് ബസുടമകൾ പറയുന്നത്. വിഷയം ചർച്ച ചെയ്യാൻ ബസുടമകൾ ഈ മാസം 14ന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയേക്കും.



































Discussion about this post