തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ സ്വീകരിക്കുന്നില്ലെന്ന് കുടുംബം. പാർട്ടി തീരുമാനം കുടുംബം അംഗീകരിക്കുകയായിരുന്നു. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി എന്ത് നിലപാട് എടുക്കുമോ അതായിരിക്കും കുടുബത്തിനുമെന്ന് മകൻ അരുൺകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.മുൻകാലങ്ങളിൽ ഇത്തരം പുരസ്കാരങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ നിരസിച്ചിരുന്നുവെന്നായിരുന്നു പാർട്ടിയുടെ നിലപാട്.
പുരസ്കാരത്തിനർഹരായവർ ജീവിച്ചിരുന്നപ്പോഴായിരുന്നു അത്. വി.എസ് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ കുടുംബം തീരുമാനിക്കട്ടേയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തീരുമാനമെടുത്തത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പത്മവിഭൂഷൺ ബഹുമതിക്ക് വി.എസ് അർഹനായെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് ഇന്നലെയാണ് കുടുംബത്തിന് ലഭിച്ചത്. ഇക്കാര്യം അറിയിച്ച് അരുൺകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി എസിനോട് ജനങ്ങൾ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും തങ്ങൾക്ക് വലിയ കരുത്താണെന്ന് അരുൺകുമാർ പറഞ്ഞു.
ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.എങ്കിലും, ഇത്തരം പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും കുടുംബം. വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്‌നേഹവായ്‌പുകൾക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്.ഇ.എം.എസ്, ജ്യോതി ബസു, ഹർകിഷൻ സിംഗ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവർ പുരസ്‌കാരങ്ങൾ മുമ്പ് നിരസിച്ചിരുന്നു. വി.എസ് ഉണ്ടായിരുന്നെങ്കിൽ ഈ പുരസ്‌കാരം നിരസിക്കുമായിരുന്നെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി നേരത്തെ പ്രതികരിച്ചത്







































Discussion about this post