മണിയൂർ: കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡ് പദ്ധതി അട്ടിമറിച്ചാൽ സഹകരണം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇരകളുടെ കർമസമിതിയുടെ പത്രക്കുറിപ്പ്. പദ്ധതിയുടെ ഭാഗമായി 2018-19 കാലയളവിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കാതെ സാമൂഹികാഘാത പഠനം നടത്തുന്നതിന് ഇടപെടൽ നടന്നപ്പോഴും 1 11-1 നോട്ടിഫിക്കേഷൻ ഉൾപ്പെടെ അതിർത്തി കല്ലുകൾ സ്ഥാപിക്കാതെ പുറപ്പെടുവിക്കണമെന്ന് ചിലർ രേഖാമൂലം ആവശ്യപ്പെട്ടപ്പോഴും, കിഫ്ബി പദ്ധതി ഏറ്റെടുക്കണമെങ്കിൽ മിനിമം 12 മീറ്റർ വീതി റോഡിന് വേണമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചപ്പോഴും വളരെ സംയമനത്തോടുകൂടിയും പക്വതയോടു കൂടിയുമാണ് പ്രതികരിച്ചിട്ടുള്ളതെന്ന് കർമസമിതി.
5.5 മീറ്റർ ടാറിങ്ങുള്ള റോഡാണ് ആദ്യ ഡി പി ആറിൽ പോലും പി ഡബ്ല്യൂ ഡി വിഭാവനം ചെയ്തിരുന്നത്. എന്നാൽ ചില നിക്ഷിപ്ത താല്പര്യക്കാരുടെ ഇടപെടൽ മൂലം നേരെയുള്ള സ്ഥലങ്ങളിൽ പോലും 12 -15 മീറ്റർ വരെ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്ന തരത്തിലേക്ക് അലൈൻമെന്റ് മാറ്റുകയായിരുന്നുവെന്ന് സമിതി ആരോപിച്ചു. ചെന്ന് കയറുന്ന രണ്ടറ്റത്തുമുള്ള പ്രധാന റോഡുകൾ ആയ പയ്യോളി -പേരാമ്പ്ര റോഡും, വടകര -ചാനിയം കടവ് -പേരാമ്പ്ര റോഡും 5.5 മീറ്റർ ടാറിങ് മാത്രമുള്ള റോഡുകളാണ്. കുട്ടോത്ത് -അട്ടക്കുണ്ട് കടവ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത് ഷോൾഡർ ഉൾപ്പെടെ 7 മീറ്റർ വീതിയുള്ള റോഡ് ആയിട്ടാണ്. ഇരുഭാഗത്തും ഒന്നര മീറ്റർ വീതമുള്ള ഫുട്പാത്തും ഡ്രൈനേജും ഉണ്ട്. പ്രധാന വളവുകളിൽ 12 മീറ്റർ വരെ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നുണ്ട്. നേരത്തെ ചിലർ തികച്ചും സാങ്കേതികമായ വാദങ്ങൾ ഉന്നയിച്ച് നടത്തിയ കേസിൽ ആദ്യ 11-1 നോട്ടിഫിക്കേഷൻ കോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട 10 -02 -2021 ലെ അംഗീകരിക്കപ്പെട്ട ഡി പി ആറിന് വിരുദ്ധമായ സർക്കാർ ഉത്തരവും അപ്രസക്തമായി മാറി.
നിയമപ്രകാരമുള്ള അലൈൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ആവർത്തിക്കാൻ കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ ആവർത്തിച്ച് ഇപ്പോൾ 11-1 നോട്ടിഫിക്കേഷൻ ഉൾപ്പെടെ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുകയാണ് . ഇനി 19 (1) പ്രഖ്യാപനം കൂടി നടത്തിയാൽ ടെൻഡർ നടപടി ക്രമത്തിലേക്ക് കടക്കുകയും 2027 പകുതിയോടെ റോഡ് നിർമ്മാണം ആരംഭിക്കാൻ കഴിയുകയും ചെയ്യും. 2020-ൽ 83.43 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയോടുകൂടി കിഫ്ബി അംഗീകരിച്ച പദ്ധതി നിലനിൽക്കെ പദ്ധതി വ്യവഹാരങ്ങളിലൂടെ നീണ്ടുപോയ സാഹചര്യത്തിൽ 2.69 കോടി ചെലവാക്കി റോഡിൽ റീടാറിങ് നടത്തേണ്ടി വരികയും, ഇപ്പോൾ 3.5 കോടി ചെലവിൽ റോഡിൻറെ ഉപരിതലം മിനുസപ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കേണ്ടി വരികയും ചെയ്യുകയാണ്. കഴിഞ്ഞ ആറ് വർഷത്തിനുശേഷം എസ്റ്റിമേറ്റ് തുകയിൽ പലമടങ്ങ് വർദ്ധനവ് വന്നിരിക്കാൻ ഇടയുണ്ട്. പദ്ധതി നീണ്ടുപോകുന്നതിനാൽ അനാവശ്യമായ വലിയ സാമ്പത്തിക ബാധ്യത വരുന്ന സാഹചര്യത്തിൽ കിഫ്ബി പദ്ധതി ഉപേക്ഷിക്കാനുള്ള സാധ്യതയുമുണ്ട്.
പദ്ധതി നഷ്ടപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിക്ഷിപ്ത താല്പര്യക്കാർക്കും അവർക്ക് പിന്തുണ നൽകുന്നവർക്കും മാത്രമായിരിക്കുമെന്ന് കർമസമിതി പറയുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഏഴോളം കേസുകൾ ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടിട്ടും 12 മീറ്റർ റോഡിനു വേണ്ടിയുള്ള വാദങ്ങൾ കോടതി അംഗീകരിച്ചിട്ടില്ല. കിഫ്ബി 2022-ൽ നടത്തിയ വാഹന സാന്ദ്രത പഠനത്തിനെതിരെയുള്ള അവസാന കേസിലും, തങ്ങളുടെ വാദങ്ങൾ അംഗീകരിക്കപ്പെടില്ലെന്ന് വ്യക്തമായതോടെ പരാതിക്കാർ നിലവിലെ പദ്ധതിയുടെ നടപടിക്രമങ്ങൾ റദ്ദ് ചെയ്യണമെന്ന ആവശ്യം പിൻവലിച്ചുകൊണ്ട് കെ ആർ എഫ് ബി പ്രൊജക്റ്റ് ഡയറക്ടർ തങ്ങളെ കേട്ടാൽ മതിയെന്ന് ആവശ്യം ചുരുക്കി കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങുകയായിരുന്നു . 2019-ൽ കോടതി വഴി 12 മീറ്റർ റോഡ് കൊണ്ടുവരുമെന്ന് വെല്ലുവിളിച്ച് കോടതിയിൽ പോയവർ ഇപ്പോൾ പറയുന്നത് പ്രോജക്ട് ഡയറക്ടർ ഞങ്ങളെ കേട്ടാൽ മതിയെന്നാണ്. അങ്ങിനെയെങ്കിൽ കഴിഞ്ഞ ഏഴ് വർഷം പദ്ധതിയെ കോടതി വ്യവഹാരങ്ങളിൽ കുരുക്കിയിട്ടത് എന്തിനെന്ന് അവർ വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
കെ ആർ എഫ് ബി പ്രൊജക്റ്റ് ഡയറക്ടറെ സ്വാധീനിച്ച് നിലവിൽ 11-1 വിജ്ഞാപനം വരെ പുറപ്പെടുവിച്ച പദ്ധതി അട്ടിമറിച്ച് റോഡിൻറെ വീതി വർദ്ധിപ്പിക്കാനും നിലവിൽ സ്ഥാപിച്ച അതിർത്തികല്ലുകൾ മാറ്റി സ്ഥാപിക്കാനുമുള്ള ശ്രമം ഉണ്ടായാൽ പദ്ധതിക്ക് ഇതുവരെ നൽകിയ സഹകരണം പൂർണമായി അവസാനിപ്പിക്കുമെന്നും ഇരകളുടെ കർമ്മസമിതി അറിയിച്ചു.


































Discussion about this post