തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ചുവെന്നും ജിഎന്‍എ കരാര്‍ നീക്കത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഇതിലൂടെ കെഎസ്ഇബിക്ക് കോടികളുടെ നഷ്ടമുണ്ടാകുമായിരുന്നെന്നും ലാഭകരമാണെന്ന് മുഖ്യമന്ത്രി മാത്രമേ പറയൂ എന്നും പിണറായി വിജയന് പറഞ്ഞു.
വിചിത്രമായ നടപടികള്‍ ആണ് ഇപ്പോള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ എടുക്കുന്നത്. എല്ലാത്തിനും വകുപ്പുകള്‍ ഉണ്ട്. എന്നാല്‍ ആ വകുപ്പുകള്‍ ഒന്നും അറിയുന്നില്ല. ഇങ്ങനെ ഒരു അവസ്ഥ കേരളത്തില്‍ ഇത് വരെ ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ‘ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? കെഎസ്ഇബി സിഎംഡിയേ മാറ്റി പകരം പുതിയ ആളെ വെച്ചു. അയാള്‍ വകുപ്പ് മന്ത്രിയെ കാണുന്നില്ല. പകരം എല്ലാം നേരിട്ട് മുഖ്യമന്ത്രിയുമായി സംസാരിക്കുന്നു.
കെപിസിസി പ്രസിഡന്റ് ആയ മന്ത്രിക്കാണ് ഈ ഗതി. തീരുമാനം ഒന്നും അറിഞ്ഞില്ല എന്നാണ് മന്ത്രി പറഞ്ഞത്. പിന്നെ എന്തിനാണ് മന്ത്രി സ്ഥാനം? ഒരു കാലത്തും കേരളത്തില്‍ ഇല്ലാത്തത് അല്ലേ ഇപ്പോള്‍ നടക്കുന്നത്? ഇത് ഒരാള്‍ക്ക് മാത്രമുള്ള അനുഭവം അല്ല. മറ്റു മന്ത്രിമാര്‍ക്കും ഇതേ അനുഭവമാണ്, പിണറായി വിജയൻ പറഞ്ഞു.

































Discussion about this post