ചെന്നൈ: ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്നലെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സ്വർണമെഡലിൽ മുത്തമിട്ടത്. ഫൈനലിൽ 147 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ഇതോടെ ഈ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടക്കാരായും ഹർമൻപ്രീതും സംഘവും തിളങ്ങി. സ്വർണമെഡൽ നേടിയ ഇന്ത്യൻ വനിതാ ടീമിനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും രംഗത്തെത്തിയിട്ടുണ്ട്. തന്റെ എക്സ് പേജിലൂടെയാണ് വിജയ് അഭിനന്ദനം അറിയിച്ചത്.
തമിഴ്നാട് മധുര സ്വദേശിയായ ജി കമലിനിയും ഇത്തവണ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. കമലിനിക്ക് പ്രത്യേക അഭിനന്ദനവും പരിതോഷികവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്.’ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് വിഭാഗത്തിൽ സ്വർണ മെഡൽ നേടി ചരിത്രം കൈവരിച്ച ഇന്ത്യൻ വനിതാ ടീമിനും ആ ടീമിലെ അംഗമായ തമിഴ്നാട്ടിലെ മധുര സ്വദേശി കമലിനിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ക്രിക്കറ്റ് താരം കമലിനിയുടെ മികച്ച നേട്ടത്തിന് സർക്കാർ 75 ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകും. ഇതുപോലെയുള്ള കായികതാരങ്ങളെ ഇനിയും തമിഴ്നാട് സർക്കാർ പിന്തുണയ്ക്കും. കമലിനിയുടെ വിജയം തമിഴ്നാട്ടിലെ യുവജനങ്ങൾക്ക് പുതിയ പ്രചോദനവും ആത്മവിശ്വാസവുമാണ്. ഇനിയും ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കമലിനിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു’- വിജയ് എക്സിൽ കുറിച്ചു.


































Discussion about this post