നന്തിബസാർ: വായന അന്യം നിന്നു പോകുന്ന കാലിക സാഹചര്യത്തിൽ വായനയുടെ വീട്ടു വെളിച്ചവുമായി സമൂഹ മധ്യത്തിലേക്കു കാലെടുത്തു വെക്കുകയാണ് ഇരുപതാം മൈസിൽസിലെ യൂസഫ് ചങ്ങരോത്ത്. ഭിന്നശേഷിക്കാരിയായ തൻറെ പൊന്നോമന മകളുടെ പേരിൽ സജ്ജീകരിച്ച “ഷദാ ഹോം ലൈബ്രറി” യിൽ വൈവിധ്യങ്ങളായ വിജ്ഞാന ശേഖരങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഇതിലേക്ക് കടക്കുന്നത്.
ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച പുസ്തകങ്ങൾക്കൊപ്പം മാതൃ – വിദേശ ഭാഷകളിലെ മികവാർന്ന നോവലുകളും കഥകളും കവിതകളും വരെ പ്രദർശനത്തിനു മാറ്റു കൂട്ടുന്നുണ്ട്. അതോടൊപ്പം, മൺമറഞ്ഞ പ്രതിഭകളുടെ ജീവചരിത്ര രേഖകളും,വിവിധ കോഴ്സുകളെ പറ്റിയുള്ള ഗഹനമായ വിവരങ്ങളൾ അടങ്ങിയ കുറിപ്പുകളും പ്രദർശനത്തിന് ഒരുക്കിവെച്ചിട്ടുണ്ട്.
ഷദാ ഹോം ലൈബ്രറിയുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ നിർവഹിച്ചു. ചാത്തോത്ത് രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ടി പി രാമചന്ദ്രൻ മാസ്റ്റർ, ആദം മുൽസി, കെ ജീവാനന്ദൻ മാസ്റ്റർ, കുഞ്ഞബ്ദുള്ള തിക്കോടി, യൂസുഫ് ചങ്ങരോത്ത്, ഷംസുദ്ദീൻ കുക്കു പ്രസംഗിച്ചു.
ഇബ്രാഹിം തിക്കോടി സ്വന്തം പുസ്തകങ്ങൾ ഷദയുടെ സാന്നിധ്യത്തിൽ ഹോംലൈബ്രറിക്കു കൈമാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രദർശനങ്ങൾ നടത്തി ഹോം ലൈബ്രറി എന്ന ആശയത്തിന് ശക്തിപകരാൻ ശ്രമിച്ച വ്യക്തികൂടിയാണ് യൂസഫ് ചങ്ങരോത്ത്.
Discussion about this post