കീവ് : യുക്രെയ്നിലെ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ മാധ്യമങ്ങളുടെ പരസ്യ വരുമാനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഗൂഗിൾ. റഷ്യയിലെ പ്രമുഖ മാധ്യമമായ റഷ്യ ടുഡെ അടക്കമുള്ള മാധ്യമങ്ങളുടെ പരസ്യവരുമാനത്തിന് ഫെയ്സ് ബുക്കിനും യൂട്യൂബിനും പുറമെയാണ് ഗൂഗിളും നിരോധനം ഏര്‍പ്പെടുത്തിയത്.
റഷ്യ ടുഡെ അടക്കം റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എല്ലാ ചാനലുകളുടെയും പരസ്യ വരുമാനം നിര്‍ത്തലാക്കുകയാണ് എന്ന് യൂട്യൂബ് വക്താവ് ഫര്‍ഷാദ് ഷാട്ലൂ ഔദ്യോഗിക പ്രസ്താവനയിലൂടെ നേരത്തേ അറിയിച്ചിരുന്നു. റഷ്യയിലെ 26 യൂട്യൂബ് ചാനലുകളില്‍ നിന്ന് 32 മില്യണ്‍ വരെ വരുമാനം ലഭിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റഷ്യയിലെ യൂട്യൂബ് ചാനലുകളുടെ വരുമാനം നിര്‍ത്തലാക്കണം എന്ന് ഉക്രൈന് മന്ത്രി മൈകലോ ഫെഡറോവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ഫെയ്സ്ബുക്കും നേരത്തെ റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഫെയ്സ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ റഷ്യയ്ക്കെതിരെ തിരിച്ചടിയായി വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക്ക് പരസ്യവരുമാനത്തിന് വിലക്കേര്‍പ്പെടുത്തിയത്. ആര് ഐ എ നൊവോസ്ടി അടക്കമുള്ള നാല് റഷ്യന്‍ ന്യൂസ് ഓര്‍ഗനൈസേഷനുകള്‍ക്കും വിലക്കുണ്ട്. ഫാക്ട് ചെക്ക് ചെയ്യുന്നവരെയും കണ്ടന്റ് വാണിങ് ലാബലുകളെയും ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കണം എന്ന് നേരത്തെ റഷ്യന്‍ സര്‍ക്കാര്‍ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം എതിര്‍ത്തതിനെ തുടര്‍ന്നാണ് ഫെയ്സ്ബുക്കിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Discussion about this post