പയ്യോളി: യുദ്ധങ്ങൾ പലപ്പോഴും യുദ്ധമുഖത്തുള്ളവരേക്കാളും ഏറെ വേദനിപ്പിക്കുന്നത് അവരെ കാത്തിരിക്കുന്നവരെയാകും. യുദ്ധം പൊട്ടി പുറപ്പെടുന്നതോടെ ആ പ്രദേശം മാത്രമല്ല, രാജ്യം മുഴുവൻ ആക്രമണ ഭീഷണിയുടെ നിഴലിലുമാവും. തദ്ദേശീയർക്കൊപ്പം തന്നെ വിവിധ ആവശ്യങ്ങൾക്കായി ആ രാജ്യത്തേക്ക് എത്തിയവരേയും യുദ്ധം വേട്ടയാടും.നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള ഇവരേയും കാത്ത് നാട്ടിലുള്ളവർ തീ തിന്നുകയാവും.
യുക്രെയ്നിൽ റഷ്യൻ പട്ടാളം ആക്രമണം തുടങ്ങിയതോടെ പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങളുമായി യുക്രെയ്നിൽ താമസിക്കുന്ന നിരവധി പേരുണ്ട്.
ഇങ്ങ് പയ്യോളിയിലും വേവലാതിയോടെ ഒരു കുടുംബം കാത്തിരിക്കുകയാണ് പ്രാർത്ഥനയോടെ. യുക്രെയ്നിലെ കർക്കീവ് നാഷണൽ മെഡിക്കൽ (കെ എൻ എം) യൂണിവേഴ്സിറ്റിയിൽ എം ബി ബി എസിന് (മെഡിസിൻ) പഠിക്കുന്ന ജിഫ്രിൻ കുഞ്ഞബ്ദുള്ളയുടെ കുടുംബത്തെയാണ് യുദ്ധം ആധിയിലാഴ്ത്തുന്നത്. അയനിക്കാട് കിഴക്കേ പുതുക്കുടി കുഞ്ഞബ്ദുള്ള – ജാസ്മിൻ ദമ്പതികളുടെ നാല് മക്കളിൽ ഇളയവനായ ജിഫ്രിൻ്റെ വിവരങ്ങൾക്കായ് മാതാപിതാക്കൾ ഫോണിനടുത്തു നിന്ന് മാറാതെ നിൽക്കുകയാണ്.
ജിഫ്രിനും കോളേജിലെ 200 ഓളം വരുന്ന മറ്റുള്ളവരും വ്യാഴാഴ്ച രാവിലെ മുതൽ കർക്കീവിലെ താമസസ്ഥലത്തിന് അരികെ തന്നെയുള്ള മെട്രോ ബങ്കറിലാണ് കഴിയുന്നത്. ഭക്ഷണം എന്തെങ്കിലും തയ്യാറാക്കി കഴിക്കുന്നതിനും ആവശ്യമായ ബ്ലാങ്കറ്റും മറ്റു വസ്തുക്കളും എടുക്കുന്നതിനുമായി ഇന്നുച്ചയ്ക്ക് താമസ സ്ഥലത്തേക്ക് പോയി വരാൻ അനുവാദം നൽകിയിരുന്നു. അതിന് ശേഷം വീണ്ടും ബങ്കറിൽ തന്നെയാണെന്ന് ജിഫ്രിൻ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.
സ്ഫോടനത്തിൻ്റെ വൻ ശബ്ദം ഇടയ്ക്കിടെ കേൾക്കുന്ന തൊഴിച്ചാൽ നിലവിൽ കർക്കീവ് മേഖലയിൽ ഇല്ലെന്നാണ് ജിഫ്രിൻ പറഞ്ഞത്.
യുദ്ധഭീതി തുടങ്ങിയ ഉടൻ തന്നെ ഫെബ്രു. 22 ന് ജിഫ്രിനും സുഹൃത്തുക്കളും നാട്ടിലേക്കുള്ള ടിക്കറ്റ് സമ്പാദിക്കാനായി ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ലഭിക്കാതായതോടെ ഖത്തറിലേക്കുള്ള ടിക്കറ്റ് എടുത്തു. 28 നാണ് ഫ്ലൈറ്റ്. അതിന് മുമ്പേ തന്നെ യുദ്ധമാരംഭിച്ചു. പയ്യോളിയിലെ രണ്ടു പേർ കൂടി അവിടെയുണ്ടെന്നാണ് 22 കാരനായ ജിഫ്രിൻ പറഞ്ഞത്.
2018 ലാണ് പഠനാവശ്യത്തിനായി യുക്രെയ്നിൽ എത്തുന്നത്. 8-ാമത്തെ സെമസ്റ്ററിലെ പരീക്ഷ കഴിഞ്ഞ് ജൂലൈയിൽ വെക്കേഷനാണെെന്നും നാട്ടിലേക്ക് വരാനിരുന്നതാണെന്നും ജിഫ്രിൻ പറയുന്നു. 2024 ലാണ് കോഴ്സ് പൂർത്തിയാവുക.
Discussion about this post