കീവ്: യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർഥി തിരികെ ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്ന്. കോയമ്പത്തൂർ തുടിയല്ലൂർ സ്വാതി നഗറിൽ രവിചന്ദ്രന്റെയും ഝാൻസി ലക്ഷ്മിയുടെയും മകൻ സായ്നികേഷാണ് (22) വീട്ടുകാരുമായി ബന്ധപ്പെട്ട് നാട്ടിലെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. 2018 സെപ്റ്റംബറിലാണ് യുക്രെയ്ൻ ഹർകീവിലെ നാഷനൽ എയ്റോ സ്പെയ്സ് യൂണിവേഴ്സിറ്റിയിൽ 5 വർഷത്തെ പഠനത്തിനായി സായ്നികേഷ് യുക്രെയ്‌നിലെത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിലാണു സായ്നികേഷ് അവസാനം നാട്ടിൽ വന്നത്.
വിദേശ പൗരൻമാർ ഉൾപ്പെടുന്ന ജോർജിയൻ നാഷനൽ ലീജൻ പാരാമിലിറ്ററി യൂണിറ്റിൽ അംഗമായാണ് സായ് യുദ്ധത്തിൽ പങ്കെടുക്കുന്നത്. സൈനിക വേഷത്തിലുള്ള ചിത്രങ്ങളും സായ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഫോണിൽ സ്ഥിരം വിളിക്കാറുണ്ടായിരുന്നു. വിഡിയോ ഗെയിം ഡവലപ്മെന്റ് കമ്പനിയിൽ പാർട്ട് ടൈം ജോലിക്കു ചേർന്നതായി ഒരു മാസം മുൻപു അറിയിച്ചു. യുക്രെയ്നിൽ യുദ്ധം തുടങ്ങിയതിനു ശേഷം മകനുമായി ബന്ധപ്പെടാൻ മാതാപിതാക്കൾക്കു കഴിഞ്ഞില്ല. സായ്നികേഷ് പിന്നീട് മാതാപിതാക്കളെ വിളിച്ച് യുക്രെയ്നിലെ അർധസൈനിക വിഭാഗത്തിൽ തുടരാൻ തീരുമാനിച്ചതായി അറിയിക്കുകയായിരുന്നു. പിന്തിരിപ്പിക്കാനുള്ള അവരുടെ ശ്രമം വിജയിച്ചില്ല. എന്നാൽ കഴിഞ്ഞദിവസമാണ് മാതാപിതാക്കളെ വിളിച്ച് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
Discussion about this post