കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവനടിയുടെ പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. പാലാരിവട്ടം പൊലീസ് ആണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. യൂട്യൂബിലും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മറ്റു സമൂഹമാധ്യമങ്ങളിലും സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്നയാളാണ് സൂരജ് പാലാക്കാരനെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം അധിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. മുന്‍പ് സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഒരു മാസം ജയിലില്‍ കിടന്നിട്ടുണ്ട്.
കേസില്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് ഒരു ഭയവുമില്ലാതെ വീണ്ടും ഇതേ രീതിയിലുള്ള അധിക്ഷേപമെന്നും നടി ചൂണ്ടിക്കാട്ടി. നേരത്തെ, ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ സൂരജിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നു. കേസിൽ സ്റ്റേഷനിലെത്തി കീഴടങ്ങുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ തുടങ്ങിയ നിയമങ്ങൾ പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിരുന്നത്. കേസിനു പിന്നാലെ യൂട്യൂബർ ഒളിവിൽ പോയിരുന്നു. വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Discussion about this post