തിക്കോടി: പുറക്കാട് – പയ്യോളി – അകലാപ്പുഴ ഗോവിന്ദൻ കെട്ട് റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും തെറിച്ച് തോട്ടിലേക്ക് വീണ യുവതികൾക്ക് പരുക്ക്. ഇവരുടെ കൂടെയുണ്ടായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് അത്ഭുതകരമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ പടിഞ്ഞാറെ കോരൻ കണ്ടി മാഷിദ (28), ബന്ധു മുഹ്സിന (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
കിടഞ്ഞിക്കുന്ന് ഗോവിന്ദൻ കെട്ട് റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ നിന്നും യുവതികൾ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് തോടിന്റെ സംരക്ഷണ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതികൾ ആഴമുള്ള തോട്ടിലേക്ക് തെറിച്ചു വീണു പരുക്കേൽക്കുകയായിരുന്നു. മാഷിദയുടെ കാലിനേറ്റ പരുക്ക് സാരമുള്ളതാണെന്നാണ് അറിയുന്നത്.
അപകട ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസിയും ലഹർ ഫ്ലോട്ടിങ്ങ് റസ്റ്റോറന്റ് ഉടമയുമായ റൂബി ഫൈസലിനും, രക്ഷാപ്രവർത്തനത്തിനായി തോട്ടിലേക്ക് ചാടിയിറങ്ങവേ കല്ലിലിടിച്ച് കാലിന് നിസ്സാര പരുക്കേറ്റു.
നാട്ടുകാരുടെ സഹായത്തോടെ, പരുക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും പയ്യോളിയിലേക്ക് പോവുകയായിരുന്നു,ഇതിനിടയിലാണ് അപകടം.
ഗോവിന്ദൻ കെട്ട് റോഡിലെ ഇറക്കത്തിൽ അപകടങ്ങൾ പതിവാക്കുകയാണ്. അപകട സാധ്യതയേറിയ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിടുന്ന വാഹനങ്ങൾ സംരക്ഷണഭിത്തിയിലിടിച്ച് വാഹനവും യാത്രികരും തോട്ടിലേക്ക് വീണ് നിരവധി പേർക്കാണ് ഇതിനകം പരുക്കേറ്റിട്ടുള്ളത്. ഭിത്തികെട്ടിയ തോട്ടിലക്ക് വീഴുന്നത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയാണ്. തോടിന് മുകളിൽ സ്ലാബ് വിരിച്ച് വാഹന യാത്രികരുടെ ജീവന് സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


































Discussion about this post