കളമശേരി: പാലക്കാട് നിന്നും കൊച്ചിയിലെ ലുലു മാൾ കാണാനായാണ് പാലക്കാട് മങ്കര സ്വദേശി ചെമ്മുക കളരിക്കൽ വീട്ടിൽ വിഷ്ണു (22) ഉം, പാലക്കാട് പത്തിരിപ്പാല പള്ളത്ത്പടി വീട്ടിൽ സുമിൻ കൃഷ്ണ (20) ഉം പുറപ്പെട്ടത്. തീവണ്ടിയിൽ യാത്ര ചെയ്യവേ ഷൊർണ്ണൂർ എത്തുമ്പോഴാണ് 18 കാരിയായ ഒരു യുവതി തീവണ്ടിയുടെ വാതിലിനരികിൽ കരഞ്ഞ് കൊണ്ട് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.കരയുന്ന കണ്ട് വിഷ്ണുവും സുമിനും കാര്യമന്വേഷിച്ചപ്പോൾ ഒന്നുമില്ലെന്ന മറുപടിയാണ് കിട്ടിയത്. എന്നാൽ എന്താേ പന്തികേട്
തോന്നിയ യുവാക്കൾ പെൺകുട്ടിയോട് വളരെ സൗമ്യമായി കാര്യങ്ങൾ തിരക്കി. അപ്പോഴൊക്കെ ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ യുവാക്കൾ ചോദ്യം ആവർത്തിച്ചപ്പോൾ താനൊരാളെ സ്നേഹിച്ചിരുന്നെന്നും, അത് ബ്രേക്കപ്പ്
ആയെന്നും ആ സങ്കടം സഹിക്കവയ്യാതെ വീട് വിട്ടിറങ്ങിയതാണെന്നും പറഞ്ഞ് പൊട്ടി കരയുകയായിരുന്നു. ഇപ്പോ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തിരിക്കുന്നതെന്ന് പറഞ്ഞു. അമ്മ കുളിക്കാൻ കയറിയ സമയമാണ് പെൺകുട്ടി ഇറങ്ങി പോന്നതെന്നും പറഞ്ഞു.പിന്നീട് യുവാക്കൾ പെൺകുട്ടിയെ പറഞ്ഞ് അനുനയിപ്പിച്ച് ഭക്ഷണവും വാങ്ങി നൽകി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ മൂന്ന് പേരും ലുലു മാളിൽ എത്തി, അവിടെ വച്ച്
പെൺകുട്ടിയുടെ ഫോൺ ചോദിച്ചപ്പോൾ ആദ്യം നൽകിയില്ലെങ്കിലും നിർബന്ധിച്ചപ്പോൾ ഫോൺ നൽകി. ഫോൺ പരിശോധിച്ചപ്പോൾ ഫ്ലൈറ്റ് മോഡിൽ ആയിരുന്നു. ശേഷം അമ്മയെ വിളിക്കാൻ യുവാക്കൾ പറഞ്ഞു. അമ്മയെ വിളിച്ചപ്പോൾ അച്ചനും അമ്മയും പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ നിൽക്കുവാണെന്നും മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകാൻ എത്തിയതാണെന്നും അറിയിച്ചു. പാലക്കാട് പോലീസ് സ്റ്റേഷനിലെ പോലീസിനോട് യുവാക്കൾ നടന്ന സംഭവം അറിയിച്ചപ്പോൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞു. തുടർന്ന് അവർ നാല് മണിയോടെ കളമശേരി പോലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്തു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി കളമശേരി സ്റ്റേഷനിലെത്തിയ മാതാപിതാക്കളോടൊപ്പം പെൺകുട്ടിയെ രാത്രി എട്ടോടെ പറഞ്ഞയച്ചു.ലുലു മാൾ കാണാൻ പറ്റിയില്ലെന്ന ഒരു വിഷമം തങ്ങൾക്കുണ്ടെങ്കിലും നല്ലൊരു
കാര്യം ചെയ്യാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു. പാലക്കാട്ടെ ഹോട്ടൽ ജീവനക്കാരായ യുവാക്കൾക്ക് ലീവ് കിട്ടില്ലെന്നും അതിനാൽ തിരിച്ച് പോവുകയാണെന്നും പറഞ്ഞപ്പോൾ കളമശേരിയിലെ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ അജിത്ത് കുട്ടപ്പൻ ഹോട്ടൽ ഉടമയെ വിളിച്ച് നടന്ന സംഭവം അറിയിക്കുകയും, നാളെക്കൂടി ലീവ് നൽകണമെന്നും പറഞ്ഞു. ലീവ് അനുവദിച്ചതിനാൽ കളമശേരിയിൽ രാത്രി തങ്ങാനുള്ള താമസ സൗകര്യവും ഭക്ഷണത്തിനുള്ള പൈസയും അജിത്ത് നൽകി.
ലുലു മാൾ കണ്ട് സന്തോഷത്തോടെ മടങ്ങിയാൽ മതിയെന്നും എ എസ് ഐ അജിത് പറഞ്ഞു. ഇന്ന് ലുലു മാൾ സന്ദർശിച്ച ശേഷം അവർ നാട്ടിലേക്ക് മടങ്ങും .ഇന്നത്തെ കാലത്ത് ഇത്രയും നല്ല മനസ്സിനുടമകളും സമയോചിതമായ ഇടപ്പെട്ട് പെൺകുട്ടിയെ സുരക്ഷിതമായി സ്റ്റേഷനിൽ എത്തിക്കാൻ മനസ്സ് കാണിച്ച യുവാക്കളെ കളമശേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.ആർ.സന്തോഷ് അഭിനന്ദിച്ചു. മറ്റുള്ളവർക്ക് ഇതൊരു മാതൃകയാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post