മലപ്പുറം: ഷൊർണൂർ – നിലമ്പൂർ പാതയില്‍ സർവീസ് നടത്തുന്ന തീവണ്ടികളിൽ ടി ടി ഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് ആർ പി എഫിന്റെ പിടിയിലായി. മങ്കട വേരുംപുലാക്കൽ പാറക്കൽ വീട്ടിൽ മുഹമ്മദ് സുൽഫിക്കർ (28) ആണ് പിടിയിലായത്. റെയിൽവേയുടെ വ്യാജ ഐ ഡി കാർഡ് കാണിച്ച് ഏതാനും ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചുവരുകയായിരുന്നു.
നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കുവെച്ചാണ് സുല്‍ഫിക്കറിനെ ആർ പി എഫ് അറസ്റ്റ് ചെയ്തത്. സുൽഫിക്കർ കമ്പ്യൂട്ടർ ഉപയോഗിച്ച് ഐ ഡി കാർഡ് സ്വയം നിര്‍മിക്കുകയായിരുന്നു.
ഹെഡ് കോൺസ്റ്റബിൾ മുജീബ് റഹ്മാനും പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രതിയെ ഷൊർണൂർ ആർ പി എഫ് പോസ്റ്റ് കമാൻഡർ ക്ലാരി വത്സ ഷൊർണൂർ റെയിൽവേ പൊലീസിന് തുടർനടപടികൾക്കായി കൈമാറി. ഷൊർണൂർ റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ അനിൽ മാത്യു തുടരന്വേഷണം ആരംഭിച്ചു.
Discussion about this post