ചൈന: യുവതിയുടെ കണ്ണിൽ നിന്ന് അറുപത് ജീവനുള്ള വിരകളെ ഡോക്ടർമാർ നീക്കം ചെയ്തു. തുടർച്ചയായി കണ്ണിന് ചൊറിച്ചിൽ അനുഭവപ്പെട്ടതിനേത്തുടർന്ന് കുൻമിങ്ങിലെ ആശുപത്രിയിലെത്തിയ യുവതിയുടെ കണ്ണിൽനിന്നാണ് വിരകളെ നീക്കം ചെയ്തത്. യുവതി ആരാണെന്ന വിവരം ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. കണ്ണിന് അസ്വസ്ഥത കൂടിയപ്പോൾ ചൊറിയുന്നതിനിടെ കണ്ണിൽ നിന്ന് വിര താഴേക്ക് വീഴുകയായിരുന്നു. വൈകാതെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കൃഷ്ണമണിക്കും കൺപോളകൾക്കും ഇടയിൽ വിരകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഇരുകണ്ണുകളിൽ നിന്നുമായി 60 വിരകളെയാണ് നീക്കം ചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞു. വലതുകണ്ണിൽ നിന്ന് നാൽപത് വിരകളേയും ഇടതുകണ്ണിൽ നിന്ന് ഇരുപത് വിരകളേയുമാണ് നീക്കം ചെയ്തത്. താൻ കണ്ടതിൽവച്ച് അപൂർവമായ സംഭവമാണ് ഇതെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടർ ഗുവാൻ പറഞ്ഞു. ഫിലാരിയോഡിയ വിഭാഗത്തിലുള്ള വിരകളാണ് അണുബാധയ്ക്ക് കാരണമായി കരുതുന്നതെന്ന് ഡോക്ടർമാർ പിന്നീട് വ്യക്തമാക്കി. ഒരുതരം ഈച്ചകളിൽ നിന്നാവാം അണുബാധ പകർന്നതെന്നും വിദഗ്ധർ കരുതുന്നു
എന്നാൽ വളർത്തുമൃഗങ്ങളായ പട്ടികളിൽ നിന്നോ പൂച്ചകളിൽ നിന്നോ ആവാം തനിക്കിതു ബാധിച്ചതെന്നാണ് യുവതി കരുതുന്നത്. ഇത്തരം വിരകളെ വഹിച്ചു നടക്കുന്ന പട്ടിയേയോ പൂച്ചയേയോ സ്പർശിക്കുകയും അപ്പോൾ തന്നെ കണ്ണുകൾ തിരുമ്മുകയും ചെയ്തതാവാം വിരകൾ കണ്ണിൽ പ്രവേശിച്ചതിനു പിന്നിലെന്നും അവർ പറഞ്ഞു.
ആശുപത്രിയിൽ നിന്ന് വിട്ടെങ്കിലും തുടർച്ചയായ പരിശോധനയ്ക്ക് തിരികെയെത്തണമെന്ന് ഡോക്ടർമാർ യുവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വളർത്തുമൃഗങ്ങളെ സ്പർശിച്ചാലുടൻ കൈകകൾ വൃത്തിയായി കഴുകണമെന്നും നിർദേശിച്ചിട്ടുണ്ട്.
Discussion about this post